Advertisement

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

June 26, 2021
Google News 1 minute Read

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. കേസ്‌ പിൻവലിക്കാൻ അനുവദിക്കാത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കും. ഇതിനിടെ, തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തടസഹർജി സമർപ്പിച്ചു.

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള ശ്രമം കേരള ഹൈക്കോടതിയിലും പാളിയതോടെയാണ് അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. നിയമസഭ സമ്മേളനത്തിനിടെ നടന്ന സംഭവത്തിൽ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത് തെറ്റായ നടപടിയാണ്. അതിനാൽ, കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലെ വാദം.

ഹൈക്കോടതി ഇത്തരം സുപ്രധാന വിഷയങ്ങൾ പരിഗണിച്ചില്ലെന്ന് സംസ്ഥാന സർക്കാർ പരാതി ഉന്നയിച്ചു. എം.എൽ.എമാരെന്ന നിലയിൽ നിയമസഭയിൽ പ്രതിഷേധം നടത്തുന്നതിന് ഭരണഘടനയുടെ സംരക്ഷണമുണ്ട്. നിയമസഭയുടെ സവിശേഷാധികാരം നിലനിർത്താനും കൂടിയാണ് കേസ് പിൻവലിക്കാനുള്ള അപേക്ഷ.

സദുദ്യേശത്തോടെയും ബാഹ്യസമ്മർദ്ദമില്ലാതെയുമാണ് സർക്കാർ അഭിഭാഷകൻ വിചാരണക്കോടതിയിൽ പിൻവലിക്കൽ അപേക്ഷ സമർപ്പിച്ചത്. തെളിവുകളുടെ അഭാവം അടക്കം വാദങ്ങൾ വിചാരണക്കോടതിയും ഹൈക്കോടതിയും പരിഗണിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ആരോപിച്ചു. മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രി ഇ.പി. ജയരാജൻ, മുൻ എംഎല്‍എ കെ. അജിത് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ളത്.

Story Highlights: legislative assembly, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here