Advertisement

അട്ടപ്പാടിയില്‍ ഒരു മാസത്തിനകം വാക്‌സിനേഷന്‍ 100 ശതമാനമാക്കും; മന്ത്രി വീണ ജോര്‍ജ്

June 26, 2021
Google News 0 minutes Read

ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അട്ടപ്പാടിയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകേണ്ട അവസ്ഥ വരാത്ത രീതിയില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പശ്ചാത്തലം മാറ്റിയെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടുത്ത ഒരു മാസത്തിനകം 100 ശതമാനം വാക്‌സിന്‍ ഉറപ്പാക്കുന്നതാണ്. വാക്‌സിന്റെ ലഭ്യതയനുസരിച്ച് ഇതിനായി സംവിധാനമുറപ്പാക്കും. ആദിവാസി വിഭാഗത്തിലെ 45 വയസിന് മുകളിലുള്ള 82 ശതമാനത്തോളം പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വാക്‌സിന്‍ എത്തുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പൊതുജനാരോഗ്യവും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതാണ്. ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ശിശുമരണ നിരക്കിലെ കുറവ് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുവകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കും. പ്രത്യേകിച്ച്, ഗര്‍ഭിണികളുടെ പോഷകാഹരവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളുടെ ആഹാര ശീലങ്ങള്‍ പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടത്തറ ട്രൈബല്‍ ആശുപത്രി, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സന്ദര്‍ശിച്ച മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here