യു.എ.ഇ.യിലേക്കുള്ള വിമാന സർവീസ് ജൂലൈ 7 ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ്

രാജ്യത്തെ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യയിൽ നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 7 ന് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
യു.എ.ഇ. ഗവൺമെന്റിൽ നിന്ന് ഇതിനായുള്ള അനുമതിക്കും മാർഗ നിർദേശങ്ങൾക്കും കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്ററിൽ കുറിച്ചു.
എമിറേറ്റിസിന്റെ വെബ്‌സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികൾ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല. ജൂലൈ 6 വരെയായിരുന്നു ഇന്ത്യ-യു.എ.ഇ. വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിരുന്നത്.
ഈ മാസം 23 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് യു.എ.ഇ. അധികൃതർ കർശന നിബന്ധനകളോടെ നീക്കം ചെയ്തു. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസ് ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു.
ജൂലൈ 7 ന് സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ആഹ്ളാദത്തിലാണ്. മാസങ്ങളായി മടങ്ങിവരാനാകാത്തതിനാൽ പലരുടെയും യുഎഇയിലെ ജോലി പോലും ആശങ്കയിലാണ്. ഇന്ത്യയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ന് വൈകിട്ടു ദുബായിൽ നടക്കുന്ന ഗവ.വാർത്താ സമ്മേളനത്തിൽ ഇക്കാര്യത്തിലും വ്യക്തതയുണ്ടാകുമെന്നാണു കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here