Advertisement

പരിസ്ഥിതി പ്രവർത്തകൻ വി.എൻ. ഗോപിനാഥ പിള്ളയുടെ ജീവിതം പറയുന്ന ‘നാല്പത്തഞ്ചാമത്തെ നദി’ റൂട്സ് ഒ.ടി.ടി.യിൽ

June 27, 2021
Google News 1 minute Read

വി.എന്‍. ഗോപിനാഥ പിള്ളയെന്ന അസാധാരണ പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം പറയുന്ന ഡോക്യൂമെന്ററി-‘നാല്‍പത്തഞ്ചാമത്തെ നദി’ ഒ.ടി.ടി. പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മുപ്പത് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒ.ടി.ടി. പ്ലാറ്റ്ഫോമായ റൂട്സ് വീഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മാധ്യമ പ്രവർത്തകനായ ജി. രാഗേഷ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ജൂൺ 27 നാണ് റിലീസ് ചെയ്യുന്നത്.

മണിമലയാറ്റിലെ അനധികൃത മണൽ വാരൽ ചോദ്യം ചെയ്തു കൊണ്ടാണ് 1985 ൽ ഗോപിനാഥ പിള്ള പരിസ്ഥിതി പ്രവർത്തനമെന്ന വലിയ ലോകത്തിലേക്ക് കാലെടുത്തുവെച്ചത്. പിന്നീടുള്ള മൂന്നു പതിറ്റാണ്ട് കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിസ്ഥിതി വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടു. കോടതിയും നിയമസംവിധാനവുമുപയോഗിച്ച് പ്രകൃതി ചൂഷണത്തെ തടയാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഗോപിനാഥ പിള്ളയെ വേറിട്ടു നിർത്തുന്നത്. സ്വന്തം നാട്ടിലെ മണിമലയാറിന്റെയും പൊന്തന്‍പുഴ വനത്തിന്റെയും സംരക്ഷണങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചെമ്പന്മുടി പാറമട, ആറന്മുള വിമാനത്താവള പദ്ധതി, മീനച്ചിലാര്‍ സംരക്ഷണം, ഊര്‍ങ്ങാട്ടേരി പാറമട എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അദ്ദേഹം സജീവമായി ഇടപെട്ടു വരുന്നു. കേരള നദീ സംരക്ഷണ സമിതിയുടെ ഉപാധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്.

മുപ്പത് മിനുട്ട് ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ വിവിധ കാലങ്ങളിൽ ഗോപിനാഥ പിള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ അദ്ദേഹത്തിന്റെ ജീവിതം പറയുന്നു.

‘പരിസ്ഥിതിയെന്നാല്‍ മനുഷ്യന് ശുദ്ധവായുവും വെള്ളവും കിട്ടണം. അതിനാവശ്യമായവ വരും തലമുറക്ക് കൂടി കരുതി വെക്കണം.’ ഇതാണ് താന്‍ മനസിലാക്കുന്നതെന്ന് പറയുന്നിടത്ത് ഗോപിനാഥ പിള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു.

പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരുപാട് ആക്ടിവിസ്റ്റുകളില്‍നിന്നും ഗോപിനാഥ പിള്ളയെ വേറിട്ട് നിര്‍ത്തുന്നത് സര്‍ക്കാരിന്റെ നയരൂപീകരണ തലത്തില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.

ഇക്കോളജി എന്ന് വാക്ക് കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഗോപിനാഥ പിള്ള തന്റെ സഹജാവബോധം കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാനിറങ്ങിതിരിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്ന തീക്ഷ്ണാനുഭവങ്ങൾ കവിയും പരിസ്ഥിതി പ്രവർത്തകനുമായ ജെയിംസ് കണ്ണിമല ഈ ഡോക്യൂമെന്ററിയിൽ ഓർത്തെടുക്കുന്നു.

ഹൈക്കോടതി അഭിഭാഷകനായ അബ്ദുല്‍ ലത്തീഫ്, പരിസ്ഥിതി പ്രവര്‍ത്തകരായ ജെയിംസ് കണ്ണിമല, ഡോ. രാമചന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ കുറ്റൂര്‍, അക്കാദമീഷ്യന്‍മാരായ തോമസ് പി. തോമസ്, മനോജ് സാമുവല്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയുടെ ഭാഗമായിട്ടുണ്ട്. ജിജോ എബ്രഹാമാണ് കാമറ. എഡിറ്റിങ്: പിന്റോ വര്‍ക്കി, ശബ്ദം: ധനേഷ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here