24
Jul 2021
Saturday

സിപിഐഎമ്മിനെതിരെ നടക്കുന്നത് സംഘടിത നീക്കമെന്ന് പി ജയരാജൻ

രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വർണക്കടത്ത് കേസിൽ പാർട്ടിക്കെതിരെ നടക്കുന്നത് സംഘടിത നീക്കമെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. നടക്കുന്ന അപവാദ പ്രചാരണങ്ങളാണ്. കേസിൽ ആരോപണവിധേയരായവരുടെ നാല് വർഷം വരെ പഴക്കമുള്ള ഫോട്ടോകൾ അവതരിപ്പിച്ചണ് പാർട്ടി വിരുദ്ധ പ്രചാരവേലയെന്നും പി. ജയരാജൻ ആരോപിച്ചു.

ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നത്. കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഐഎം. അതിനിടെയാണ് 34 വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നേരത്തേ ഇട്ട പോസ്റ്റുകളും ഉയർത്തിക്കാട്ടി പാർട്ടിയെ കടന്നാക്രമിക്കുന്നതെന്നും പി. ജയരാജൻ പറഞ്ഞു.

മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മെമ്പർമാരോ അനുഭാവികളോ തെറ്റായ കാര്യത്തിൽ ഏർപ്പെട്ടാൽ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായിട്ടുണ്ട്. ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ നാല് വർഷം മുൻപ് ഡിവൈഎഫ്‌ഐയിൽ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ശുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തി മൂലം ചിലർ തെറ്റായ മാർഗത്തിൽ സഞ്ചരിക്കുന്നുണ്ടെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വർണ്ണക്കടത്ത് തട്ടിപ്പറി കേസിൽ സിപിഐഎം വെട്ടിലായി എന്നാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തത്. ഈ കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങൾ നടക്കുകയാണ്.

ഇപ്പോൾ ഈ കേസിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വർഷം മുൻപ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാർട്ടിവിരുദ്ധ പ്രചാരവേല. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നത് എന്ന് പറയാതെ വയ്യ. ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഐഎം. അപ്പോഴാണ് 34 വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാർട്ടിയെ കടന്നാക്രമിക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മെമ്പർമാരോ അനുഭാവികളോ തെറ്റായ കാര്യത്തിൽ ഏർപ്പെട്ടാൽ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായിട്ടുണ്ട്. ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വർഷം മുൻപ് ഡിവൈഎഫ്‌ഐയിൽ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തി മൂലം ചിലർ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കർശന നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്.

ഇത്തരം നിലപാട് ബിജെപിയോ കോൺഗ്രസോ സ്വീകരിക്കാറില്ല. 2013 ൽ വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തെ പറ്റി പ്രത്യേക സപ്ലിമെൻറ് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബർ 23ന്റെ ആ സപ്ലിമെൻറിന്റെ തലക്കെട്ട് ‘ഖദറിട്ട പ്രമുഖന്റെ ഗുണ്ടാരാജ്’ എന്നായിരുന്നു. അന്ന് യുഡിഎഫായിരുന്നു ഭരണത്തിൽ. ചില ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ബ്ലേഡ് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഈ സംഘത്തിന് താലിബാൻ മോഡൽ മർദന കേന്ദ്രമുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ ടീം അറിയപ്പെടുന്നത് പുത്തൻകണ്ടം ക്വട്ടേഷൻ ടീം എന്നാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ സംരക്ഷണയിൽ ഉള്ള ആർഎസ്എസ് ക്രിമിനലുകൾ. ഈ സംഘത്തെ തള്ളിപ്പറയാൻ കോൺഗ്രസോ ആർഎസ്എസോ അന്നും ഇന്നും തയ്യാറായിട്ടില്ല. പണം ആവശ്യപ്പെട്ട് തീക്കുണ്ഡത്തിന് മുകളിൽ നിർത്തുന്ന ക്രൂരതയെ കുറിച്ച് ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവരെ കുറിച്ച് പരാതി നൽകിയിരുന്നെങ്കിലും അന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

ക്വട്ടേഷൻ/മാഫിയ സംഘങ്ങൾക്കെതിരായി ഉറച്ച നടപടിയാണ് എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്. സിപിഐഎമ്മും ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ ശ്രമിച്ചിട്ടുണ്ട്. 2015 സെപ്തംബർ 30 ന് പിണറായി പുത്തൻകണ്ടത്ത് തന്നെ വലിയ ബഹുജന പ്രതിഷേധ പരിപാടി പാർട്ടി സംഘടിപ്പിച്ചിരുന്നു.

ക്വട്ടേഷൻ ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്‌ഐയും ജനങ്ങളെ ബോധവാൻമാരാക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2021 ഫെബ്രുവരിയിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി തന്നെ രണ്ട് കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു. 2021 ജനുവരിയിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഇത്തരം ആളുകളെ തള്ളിപ്പറഞ്ഞുകൊണ്ട് കൂത്തുപറമ്പ് മൂന്നാം പീടികയിൽ സിപിഐഎം പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു..

ഒരു ഭാഗത്ത് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളെ തങ്ങളുടെ ചിറകിനകത്ത് ഒളിപ്പിക്കുന്ന സംഘപരിവാരവും കോൺഗ്രസുമാണ് ഇത്തരക്കാർക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. കോൺഗ്രസിന്റെയും സംഘപരിവാറിന്റെയും ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

ക്വട്ടേഷൻ/മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് ജൂലൈ 5 ന് നടക്കുന്ന ക്യാമ്പയിനിൽ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Story Highlights: p jayarajan, fb post, ramanattukara gold smuggling case

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top