Advertisement

അണക്കപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വ്യാജകള്ള് കേസ് പ്രതികളുടെ കെട്ടിടത്തില്‍

June 29, 2021
Google News 1 minute Read
spirit

പാലക്കാട് അണക്കപ്പാറ വ്യാജകള്ള് കേസിലെ പ്രതികളും എക്‌സൈസും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അണക്കപ്പാറയില്‍ ദേശീയ പാതയോട് ചേര്‍ന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് കേസിലെ ഒന്നാം പ്രതി സോമശേഖരന്‍ നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എന്നതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 304, 305 നമ്പറുകളിലുള്ള കെട്ടിടത്തിലാണ് എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

പാലക്കാട് ജില്ലയില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള കള്ളിന്റെ പരിശോധന ഇവിടെയാണ് നടക്കുന്നത്. സാമശേഖരന്‍ നായര്‍ക്കൊപ്പം മറ്റൊരു പ്രതിയായ വിന്‍സന്റിനും ജയരാജ് എന്നയാള്‍ക്കും കെട്ടിടത്തില്‍ ഉടമസ്ഥതാ പങ്കാളിത്തമുണ്ട്. എക്‌സൈസും കേസിലെ പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിത്.

ഇത് മുന്നില്‍ക്കണ്ടാണ് ആലത്തൂരിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം വ്യാജകള്ള് നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. ഈ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയാകും ഇനി അന്വേഷണം നടക്കുന്നത്. എക്‌സൈസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ നെല്‍സണാണ് ചുമതല.

ആലത്തൂര്‍ എക്‌സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും ഇന്‍സ്‌പെക്ടര്‍ പ്രശോഭിനെ നിലമ്പൂരിലേക്കും ഐബി ഇന്‍സ്‌പെക്ടര്‍ അനൂപിനെ തൃപ്പുണിത്തുറയ്ക്കും സ്ഥലം മാറ്റും. ഡെപ്യൂട്ടി കമ്മിഷണര്‍, ഐബി സെന്‍ട്രല്‍ സോണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം തുടരാനും തീരുമാനമുണ്ട്.

Story Highlights: spirit, palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here