രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസ്; പിടിയിലായ ആള്‍ക്ക് എന്‍ഡിഎ നേതാക്കളുമായി അടുത്ത ബന്ധം

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ശിഹാബിന് എന്‍ഡിഎ നേതാക്കളുമായി അടുത്ത ബന്ധമെന്ന് വിവരം. എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗമായിരുന്നു. മഞ്ചേരി കേന്ദ്രീകരിച്ചുള്ള എന്‍ഡിഎ യോഗങ്ങളിലും സജീവമായിരുന്നു. അര്‍ജുന്‍ ആയങ്കി തട്ടിയതില്‍ ശിഹാബിന് വേണ്ടി കടത്തിയ സ്വര്‍ണവും ഉണ്ടായിരുന്നു. കരിപ്പൂര്‍ കേന്ദ്രീകരിച്ച് ശിഹാബും സംഘവും നിരവധി തവണ സ്വര്‍ണം കടത്തിയതായും വിവരം.
ഇയാള്‍ ആലപ്പുഴ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് വധഭീഷണി നടത്തിയതായും വിവരമുണ്ട്. പൊതുപ്രവര്‍ത്തകനായ സിയാദ് പൊടിക്കുഞ്ഞിയെ ഷിഹാബും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഷിഹാബിന്റെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും തന്നെ ഭീഷണിപ്പെടുത്തിയെന്നും സിയാദ് പറഞ്ഞു. തീര്‍ത്തുകളയുമെന്നായിരുന്നു ഭീഷണി. വിസാ തട്ടിപ്പില്‍ പരാതിക്കാരനായ ശക്തിവേലിന്റെയും ഭാര്യയുടെയും പാസ്‌പോര്‍ട്ടും വിദ്യാഭ്യാസരേഖകളും പണവും ശിഹാബ് തട്ടിയെടുത്തുവെന്നാണ് ആരോപണം.
അതേസമയം മുഹമ്മദ് ശിഹാബിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് ദേശീയ നേതൃത്വം പറഞ്ഞു. കേരള സംസ്ഥാന കമ്മിറ്റി ഏപ്രില്‍ 12ന് പിരിച്ചുവിട്ടിരുന്നുവെന്നും ദേശീയ ഉപാധ്യക്ഷ വ്യക്തമാക്കി.
Story Highlights: ramanattukara, gold smuggling, nda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here