Advertisement

ഇന്ത്യൻ വനിതകൾക്ക് വീണ്ടും തോൽവി; ഇംഗ്ലണ്ടിനു ജയം, പരമ്പര

July 1, 2021
1 minute Read
england women won india
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. 5 വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ കീഴടക്കിയത്. ജയത്തോടെ ഇംഗ്ലണ്ട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത 221 റൺസിന് ഓൾഔട്ടായപ്പോൾ 47.3 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. 73 റൺസ് നേടി പുറത്താവാതെ നിന്ന പുതുമുഖ താരം സോഫി ഡങ്ക്‌ലിയാണ് ഇംഗ്ലണ്ടിൻ്റെ വിജയശില്പി. അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയ കേറ്റ് ക്രോസ് മത്സരത്തിലെ താരമായി.

മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. ഷഫാലിയും മന്ദനയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് പോസിറ്റീവ് ഇൻ്റൻ്റോടെ ബാറ്റ് ചെയ്തപ്പോൾ സ്കോർ അനായാസം മുന്നോട്ടുപോയി. 56 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് ഈ സഖ്യം വേർപിരിയുന്നത്. 22 റൺസെടുത്ത മന്ദനയെ പുറത്താക്കിയ കേറ്റ് ക്രോസ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. പിന്നീടെത്തിയത് യുവതാരം ജമീമ റോഡ്രിഗസായിരുന്നു. ആദ്യ മത്സരത്തിലെ മെല്ലെപ്പോക്കിനെത്തുടർന്ന് സ്ഥാനം നഷ്ടമായ മുതിർന്ന താരം പൂനം റാവത്തിനു പകരം ടീമിൽ ഇടം നേടിയ ജമീമയ്ക്ക് പക്ഷേ ഏറെ നേരം ക്രീസിൽ തുടരാനായില്ല. 8 റൺസ് മാത്രമെടുത്ത താരത്തെയും കേറ്റ് ക്രോസ് തന്നെ മടക്കി.

മറുവശത്ത് ഷഫാലി തുടർ ബൗണ്ടറികളുമായി ഇംഗ്ലണ്ടിനെ ശ്വാസം മുട്ടിച്ചു. എന്നാൽ, ആദ്യ അർദ്ധസെഞ്ചുറിക്ക് 6 റൺസ് മാത്രം അകലെ ഷഫാലി വീണു. സോഫി എക്ലസ്റ്റണായിരുന്നു വിക്കറ്റ്. നാലാം വിക്കറ്റിൽ മിതാലി രാജും ഹർമൻപ്രീത് കൗറും ഒത്തുചേർന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 68 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ ഹർമനെ (19) പുറത്താക്കിയ കേറ്റ് ദീപ്തി ശർമ്മ (5), പുതുമുഖ താരം സ്നേഹ് റാണ (5) എന്നിവരെക്കൂടി പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. തനിയ ഭാട്ടിയയെ (2) എക്ലസ്റ്റണും ശിഖ പാണ്ഡെയെ (2) നതാലി സിവറും വീഴ്ത്തി. മിതാലി (59) റണ്ണൗട്ടായി. 46.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യ അവസാന വിക്കറ്റിൽ നേടിയ 29 റൺസാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇന്നിംഗ്സിലെ അവസാന പന്തിൽ പൂനം യാദവിനെ (10) പുറത്താക്കിയ സോഫി എക്ലസ്റ്റൺ ഇന്ത്യയുടെ അവസാന വിക്കറ്റ് വീഴ്ത്തി. ഝുലൻ ഗോസ്വാമി (19) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് വിയർത്തു. സ്കോർ ബോർഡിൽ 16 റൺസ് ആയപ്പോൾ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ തമി ബ്യൂമൊണ്ട് (10) ഝുലൻ ഗോസ്വാമിക്ക് മുന്നിൽ വീണു. ഹെതർ നൈറ്റ് (10) പൂനം യാദവിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോൾ നതാലി സിവർ (19) സ്നേഹ് റാണയുടെ ഇരയായി മടങ്ങി. നന്നായി ബാറ്റ് ചെയ്തിരുന്ന ലോറൻ വിൻഫീൽഡ്-ഹിൽ (42) ശിഖ പാണ്ഡെയ്ക്ക് മുന്നിൽ വീണതോടെ ഇംഗ്ലണ്ട് പതറി. ഏമി ജോൺസിനെ (28) പുറത്താക്കിയ പൂനം യാദവ് ഇംഗ്ലണ്ടിനെ 28.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലേക്ക് വീഴ്ത്തി.

എന്നാൽ, ആറാം വിക്കറ്റിൽ ഒത്തുചേർന്ന സോഫിയ ഡങ്ക്‌ലി-കാതറിൻ ബ്രണ്ട് സഖ്യം ഇന്ത്യയെ ഔട്ട്പ്ലേ ചെയ്യുകയായിരുന്നു. തുടക്കക്കാരിയുടെ ഭയാശങ്കകളൊന്നും ഇല്ലാതെ ബാറ്റ് വീശിയ സോഫിയയ്ക്ക് ബ്രണ്ട് (33) മികച്ച പിന്തുണ നൽകി. ഇരുവരും പുറത്താവാതെ നിന്നു.

Story Highlights: england women won against india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement