കോപ്പ അമേരിക്ക: ക്വാർട്ടറിൽ നാളെ ബ്രസീൽ ഇറങ്ങും

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ മുതൽ. നാളെ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഒരു മത്സരത്തിൽ ടൂർണമെൻ്റ് ഫേവറിറ്റുകളായ ബ്രസീൽ ചിലിയെ നേരിടുമ്പോൾ പെറുവും പരാഗ്വെയും തമ്മിലാണ് മറ്റൊരു മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് പെറു-പരാഗ്വെ മത്സരം നടക്കുമ്പോൾ പുലർച്ചെ 5.30നാണ് ബ്രസീൽ ചിലിയെ നേരിടുക.
ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും വിജയിച്ച ബ്രസീലിന് അവസാന മത്സരത്തിൽ ഇക്വഡോറിനെതിരെ സമനില വഴങ്ങേണ്ടിവന്നു. എന്നാൽ, ഈ മത്സരത്തിൽ പല മുൻനിര താരങ്ങളും ബ്രസീൽ ടീമിൽ കളിച്ചിരുന്നില്ല. നോക്കൗട്ട് ഘട്ടമായതിനാൽ ആ താരങ്ങളൊക്കെ ഇന്ന് ബ്രസീൽ നിരയിൽ തിരികെ എത്തും. മികച്ച ഫോമിലുള്ള ബ്രസീൽ ടൂർണമെൻ്റിൽ ആകെ 10 ഗോൾ നേടിയപ്പോൾ വെറും രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.
അതേസമയം, ഗ്രൂപ്പ് എയിൽ നാലാം സ്ഥാനക്കാരായാണ് ചിലി ക്വാർട്ടറിൽ എത്തുന്നത്. ഒരു മത്സരത്തിൽ മാത്രമാണ് ചിലിക്ക് വിജയിക്കാൻ കഴിഞ്ഞത്. ആകെ മൂന്ന് ഗോളടിച്ച ചിലി 4 ഗോൾ വഴങ്ങി. പരുക്കിൽ നിന്ന് മുക്തനായ സൂപ്പർ താരം അലക്സിസ് സാഞ്ചസ് ഇന്ന് ടീമിലെത്തുമെന്ന് സൂചനയുണ്ട്.
മുൻപ് 72 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 51 തവണയും ബ്രസീലാണ് വിജയിച്ചത്. 8 മത്സരങ്ങളിൽ ചിലി ബ്രസീലിനെ അട്ടിമറിച്ചു.
Story Highlights: copa america brazil chile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here