അഴിമതി കേസിൽ 10 വർഷം തടവ്; ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി

അധ്യാപക നിയമനത്തിന് അഴിമതി നടത്തിയതിന് പത്ത് വർഷം ശിക്ഷിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി. പരോളിലായിരുന്ന ചൗതാല നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിഹാർ ജയിലിലെത്തിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ ജയിൽ തിങ്ങി നിറയുന്നത് ഒഴിവാക്കാനായി പത്ത് വർഷം ശിക്ഷിക്കപ്പെട്ട തടവുക്കാർ ഒമ്പതര വർഷം പൂർത്തിയാക്കിയെങ്കിൽ അവരെ വിട്ടയക്കാൻ ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്പത് വർഷവും ഒമ്പത് മാസത്തേയും ശിക്ഷ അനുഭവിച്ചിട്ടാണ് ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായിരിക്കുന്നത്.
കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 2020 മാർച്ച് 26 ന് ഓംപ്രകാശ ചൗതാലയ്ക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 ന് ജയിലിൽ മടങ്ങിയെത്താനിരിക്കെയാണ് ഹൈക്കോടതി പരോൾ നീട്ടി നൽകിയത്.
2013ലാണ് 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസിൽ ഓംപ്രകാശ് ചൗതാല, മകൻ അജയ് ചൗതാല, ഐ.എ.എസ് ഉദ്യേഗസ്ഥൻ ഉൾപ്പെടെ 53 പേരെ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here