Advertisement

യൂറോ കപ്പ്: സെമി തേടി ഇംഗ്ലണ്ട് ഇന്നിറങ്ങും; ഡെന്മാർക്ക്-ചെക്ക് റിപ്പബ്ലിക്ക് പോരാട്ടവും ഇന്ന്

July 3, 2021
Google News 1 minute Read
euro cup england quarter

യൂറോ കപ്പ് ക്വാർട്ടറിൽ ഇന്ന് ഇംഗ്ലണ്ട് ഇറങ്ങും. യുക്രൈൻ ആണ് എതിരാളികൾ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. മറ്റൊരു മത്സരത്തിൽ, ഇന്ത്യൻ സമയം രാത്രി 9.30ന് ഡെന്മാർക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഈ മത്സരങ്ങളിലെ വിജയികളാണ് സെമിഫൈനലിൽ പരസ്പരം ഏറ്റുമുട്ടുക.

ചിരവൈരികളായ ജർമ്മനിയെ പ്രീക്വാർട്ടറിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. ഗാരത് സൗത്ത്ഗേറ്റിൻ്റെ തന്ത്രങ്ങൾ കുറിക്ക് കൊണ്ടപ്പോൾ പഴയ കണക്കു തീർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് മുന്നേറി. ജാക്ക് ഗ്രീലിഷിൻ്റെ ഗംഭീര പ്രകടനങ്ങളാണ് ഇംഗ്ലീഷ് സംഘത്തിൻ്റെ ഊർജ്ജം. തുടർച്ചയായി ഗോളുകൾ കണ്ടെത്തുന്ന റഹീം സ്റ്റെർലിങും ജർമ്മനിക്കെതിരെ ഗോൾ കണ്ടെത്തി ഫോമിലേക്കുയർന്ന ഹാരി കെയ്നുമൊക്കെ ഇംഗ്ലണ്ടിന് ഊർജമാണ്.

സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് യുക്രൈൻ ക്വാർട്ടറിലെത്തിയത്. ഇതിഹാസ താരം ആന്ദ്രേ ഷെവ്ചെങ്കോയുടെ പരിശീലനത്തിൽ യൂറോയിലെത്തിയ യുക്രൈൻ അച്ചടക്കമുള്ള ഫുട്ബോളാണ് കാഴ്ചവച്ചത്. എന്നാൽ, മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ കീഴടക്കാൻ യുക്രൈനു കഴിഞ്ഞേക്കില്ല. ഇതുവരെ പരസ്പരം 8 തവണ ഏറ്റുമുട്ടിയപ്പോൾ നാല് തവണ ഇംഗ്ലണ്ടും ഒരു വട്ടം യുക്രൈനും വിജയിച്ചിരുന്നു.

മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഡെന്മാർക്ക് അവസാന എട്ടിലെത്തിയത്. ചെക്ക് റിപ്പബ്ലിക്ക് ആവട്ടെ നെതർലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തുകയായിരുന്നു. ഏറെക്കുറെ സമാശ ശക്തികളുടെ പോരാട്ടമാവും ഇത്. സൂപ്പർ താരം ക്രിസ്ത്യൻ എറിക്സൺ കളിക്കളത്തിൽ കുഴഞ്ഞുവീണതിനു ശേഷം അസാമാന്യ പോരാട്ടവീര്യം കാണിക്കുന്ന ഡെന്മാർക്കും ടൂർണമെൻ്റിലെ തന്നെ മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായ പീറ്റർ ഷിക്കിൻ്റെ ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടുമ്പോൾ ആവേശം നിറഞ്ഞ മത്സരം കാണാൻ കഴിയും.

Story Highlights: euro cup england quarter today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here