Advertisement

ആന്റണിയെ ഞാൻ നിർബന്ധിച്ച് സംവിധായകനാക്കിയതാണ്: കലൂർ ഡെന്നിസ്

July 3, 2021
Google News 2 minutes Read
kaloor dennis antony eastman

അന്തരിച്ച സംവിധായകൻ ആൻ്റണി ഈസ്റ്റ്മാനെ ഓർമ്മിച്ച് തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്. ഈസ്റ്റ്മാൻ സ്റ്റുഡിയോയിൽ നിന്ന് ആരംഭിച്ച സൗഹൃദത്തെപ്പറ്റിയും ആദ്യ ചിത്രമായ ഇണയെത്തേടിയെയും പിന്നീട് ഡെന്നിസ് ആദ്യമായി തിരക്കഥയൊരുക്കി ആൻ്റണി സംവിധാനം ചെയ്ത വയൽ എന്ന സിനിമയെപ്പറ്റിയുമൊക്കെ അദ്ദേഹം 24 വെബിനോട് മനസ്സുതുറന്നു.

“എൻ്റെ ആദ്യ തിരക്കഥ ആൻ്റണിയാണ് സംവിധാനം ചെയ്തത്. വയൽ എന്ന സിനിമ. അതിനു മുൻപ് ഒരു ചരിത്രമുള്ളത്, ആൻ്റണിക്ക് ഈസ്റ്റ്മാൻ എന്നൊരു സ്റ്റുഡിയോ ഉണ്ടായിരുന്നു. 74 കാലഘട്ടത്തിലാണ് ഞാൻ, ജോൺ പോൾ, ആൻ്റണി, ആർട്ടിസ്റ്റ് കിത്തു തുടങ്ങിയവർ ചേർന്നൊരു കൂട്ടം ഉണ്ടായിരുന്നു. ആൻ്റണി ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറാണ്. സായാഹ്നങ്ങളിൽ ഞങ്ങൾ കൂടുന്നത് ആൻ്റണിയുടെ സ്റ്റുഡിയോയിൽ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു സിനിമ നിർമ്മിക്കണമെന്ന് ആൻ്റണിക്ക് തോന്നി. അന്ന് ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്ക് വരുന്ന സമയമാണ്. പുതുമുഖങ്ങളെ മാത്രം വച്ച് ഒരു പടം. അതായിരുന്നു ചിന്ത. ആർട്ട് മൂവിയാണ് ആൻ്റണി ഉദ്ദേശിച്ചിരിക്കുന്നത്. നായകനായി കലാശാല ബാബുവിനെ തീരുമാനിച്ചു. അപ്പോഴും സംവിധായകൻ ആരെന്നത് ശരിയായില്ല. ഒരു ലക്ഷം രൂപയ്ക്ക് സിനിമ തീർക്കണം. അതാണ് പദ്ധതി. അപ്പോഴാണ് ഞാൻ ആൻ്റണിയോട് തന്നെ സിനിമ സംവിധാനം ചെയ്യാൻ നിർദ്ദേശിക്കുന്നത്. അങ്ങനെ ആൻ്റണിയെ നിർബന്ധിപ്പിച്ച് സംവിധായകൻ ആക്കുകയായിരുന്നു. അങ്ങനെയാണ് ‘ഇണയെത്തേടി’ ആൻ്റണി സംവിധാനം ചെയ്തത്. പിന്നെ സിൽക്ക് സ്മിതയെ അന്വേഷിച്ച് പോയ കഥയൊക്കെ അറിയാമല്ലോ. വയലിൻ്റെ സമയത്ത് എന്നോട് തിരക്കഥ ഒരുക്കണമെന്ന് പറഞ്ഞു. അപ്പോൾ “നിന്നെ ഡയറക്ടർ ആക്കിയതിൻ്റെ കടം വീട്ടലാണോ ഇതെന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ചെയ്തു എന്നേയുള്ളൂ. പിന്നെ ഞാൻ വേറെ രീതിയിലേക്ക് പോയി. ആൻ്റണിക്ക് പിന്നീട് ഒരുപാട് സിനിമ ചെയ്യാനായില്ല.”- കലൂർ ഡെന്നിസ് പറഞ്ഞു.

“ആൻ്റണി ഇടക്ക് വിളിക്കാറുണ്ടായിരുന്നു. നീയാണ് എന്നെ സംവിധായകനാക്കിയത് എന്ന് പറയും. മിനിഞ്ഞാന്ന് വരെ എന്നെ വിളിച്ചിരുന്നു. ഇടക്ക് വിളിക്കുമ്പോൾ പലരും മരിച്ച കാര്യം പറയും. പൂവച്ചൽ ഖാദർ, ഛായാഗ്രാഹകൻ ശിവൻ എന്നിവരൊക്കെ മരിച്ചുപോയെന്നും ഇനി നമ്മൾ കുറച്ച് പേരേയുള്ളൂ എന്നുമൊക്കെ പറയുമായിരുന്നു. അത് അറം പറ്റിയതുപോലെ ആയിപ്പോയി. രാവിലെ ആൻ്റണിയുടെ മകനാണ് എന്നെ കാര്യം വിളിച്ച് പറഞ്ഞത്.”- കലൂർ ഡെന്നിസ് കൂട്ടിച്ചേർത്തു.

“ഞാൻ ചിത്രപൗർണമി എന്നൊരു സിനിമാ വാരിക നടത്തിയിരുന്നു. ആർട്ടിസ്റ്റ് കിത്തുവും ഞാനും കൂടി. ജോൺ പോൾ കാനറ ബാങ്കിലുണ്ടായിരുന്നു. ഞങ്ങളുടെ ഓഫീസ് അടുത്തായിരുന്നു. അങ്ങനെയാണ് ഞങ്ങൾ സൗഹൃദത്തിൽ ആവുന്നത്. ജോൺ പോൾ ആണ് ഇണയെത്തേടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.”- അദ്ദേഹം പറഞ്ഞുനിർത്തി.

Story Highlights: kaloor dennis remembers antony eastman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here