Advertisement

നിലം തൊടാത്ത തൂൺ; വിസ്‍മയിപ്പിക്കുന്ന വാസ്തുവിദ്യ; ലേപക്ഷിയുടെ രഹസ്യങ്ങളിങ്ങനെ

July 4, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലുപ്പമേറെയുള്ള കല്ലുകളിൽ കൊത്തിയെടുത്ത ദേവീദേവന്മാരുടെ രൂപങ്ങൾ, വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി മുഴുവൻ വിളിച്ചോതുന്ന, ഇന്ത്യയിലെ പൗരാണിക വാസ്തു വിദ്യയുടെ മകുടോദാഹരണമാണ് ലേപക്ഷി ക്ഷേത്രം. ആന്ധ്രപ്രദേശിലെ അനന്തപുർ എന്ന സ്ഥലത്താണ് കരിങ്കല്ലിൽ വിസ്മയം തീർത്തിരിക്കുന്ന ഈ നിർമിതി സ്ഥിതി ചെയ്യുന്നത്.

അത്ഭുതങ്ങളുടെ ഒരു നിലവറയാണ് ലേപക്ഷി ക്ഷേത്രം. അതിൽ പ്രധാനം, തറയിൽ സ്പർശിക്കാതെ നിൽക്കുന്ന കൊത്തുപണികൾ നിറഞ്ഞ ക്ഷേത്ര തൂണുകളാണ്. ഇവിടുത്തെ 70 ൽ അധികം വരുന്ന കൽത്തൂണുകളിൽ ഒന്ന് പോലും നിലം തൊടുന്നില്ല. തൂങ്ങി നിൽക്കുന്ന ഈ തൂണിനടിയിലൂടെ ഒരു തുണിക്കഷ്ണം വിരിച്ചിട്ടിരിക്കുന്നത് ക്ഷേത്രസന്നിധിയിൽ എത്തിയാൽ കാണാം. അറുപത്തിയൊമ്പതു തൂണുകളുടെ ബലത്തിലാണ് ക്ഷേത്രത്തിന്റെ മേൽക്കൂര നിലനിൽക്കുന്നത്. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

വീരഭദ്രനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ക്ഷേത്രത്തിന്റെ ചുവരുകൾ ധാരാളം കൊത്തുപണികളാലും ചുവർചിത്രങ്ങളാലും സമ്പന്നമാണ്. വലിയ ഉയരമില്ലാത്ത, കൂർമശൈലം എന്ന മലയുടെ മുകളിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പുരാണങ്ങളിൽ പറയുന്ന പ്രകാരം ക്ഷേത്രം നിർമിച്ചതും പ്രതിഷ്ഠ നടത്തിയതും അഗസ്ത്യ മുനിയാണ്. ഗണപതി, നന്ദി, ശിവൻ, ഭദ്രകാളി, വിഷ്ണു, ലക്ഷ്മി എന്നിവരാണ് മറ്റ് പ്രതിഷ്ഠകൾ.

പുരാണത്തിലെ ഒരുപാട് സംഭവങ്ങൾക്ക് സാക്ഷിയായ നഗരമാണിതെന്നാണ് വിശ്വാസം. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ സമയത്ത് തടയാന്‍ ചെന്ന ജടായുവിനെ രാവണന്‍ വെട്ടിവീഴ്ത്തി. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണത്രെ ജടായു വീണത്. സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങള്‍ ധരിപ്പിക്കുമ്പോള്‍ ജടായുവിനെ നോക്കി രാമന്‍ സ്‌നേഹത്തോടെ ലേപക്ഷി എന്നു വിളിച്ചുവത്രെ. തെലുങ്കില്‍ ‘എഴുന്നേല്‍ക്കൂ പക്ഷി ശ്രേഷ്ഠാ’ എന്നാണ് ഇതിനര്‍ഥം. അങ്ങനെയാണ് ലേപക്ഷി എന്ന പേരു ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇവിടെയുള്ള കാൽപാടുകൾ സീതാദേവിയുടേതാണെന്നാണ് വിശ്വാസം.

ഒറ്റക്കല്ലിലെ നന്ദിയും ഏഴു തലയുള്ള നാഗവും ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കുന്ന സൃഷ്ടികളാണ്. ഇന്ത്യയിൽ ഇന്നു നിലവിലുള്ള ഏറ്റവും വലിയ നാഗപ്രതിമയാണ് ഇവിടുത്തേത്. ശിവലിംഗത്തിന് തണലായി ഏഴു തലയുള്ള നാഗം കാവൽ നിൽക്കുന്ന രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 27 അടി നീളവും 15 അടി ഉയരവുമുള്ള ഒറ്റക്കല്ലിൽ കൊത്തിയിരിക്കുന്ന നന്ദിയും ഇവിടുത്തെ കാഴ്ചയാണ്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്ന കാഴ്ച ഈ നന്ദിയുടേതാണ്.

തറയിൽ സ്പർശിക്കാതെ നിൽക്കുന്ന കൽത്തൂണ് തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ അതിശയിപ്പിക്കുന്ന പ്രധാന കാഴ്ച. അക്കാലത്തെ വാസ്തുവിദ്യാവിദഗ്ധരുടെ കഴിവും ചാതുര്യവും പ്രകടമാക്കുന്ന നിർമിതികളിലൊന്നാണിത്. ബ്രിട്ടിഷ് ഭരണകാലത്ത്, മേൽക്കൂരയിൽ മാത്രം മുട്ടിനിൽക്കുന്ന ഈ കൽത്തൂണിന്റെ രഹസ്യം കണ്ടെത്താനായി എത്തിയ ഒരു ബ്രിട്ടിഷ് ഉദ്യോഗസ്ഥനാൽ ചെറിയൊരു സ്ഥാനചലനം ഈ തൂണിനു സംഭവിച്ചിട്ടുണ്ട്. തൂണിന്റെ രഹസ്യം കണ്ടെത്താൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement