കോപ്പ അമേരിക്ക; ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍; സെമിയിൽ എതിരാളി പെറു

കോപ്പാ അമേരിക്ക സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെ നേരിടും. ഒരിക്കല്‍ കൂടി വന്‍കരയിലെ രാജാക്കന്മാരാവാന് ഫൈനല്‍ ടിക്കറ്റ് ഉന്നമിട്ടാണ് നെയ്മറും സംഘവും ഇറങ്ങുന്നത്. റിയോ ഡി ജനെയ്‌റോയെന്ന ബ്രസീലിന്റെ തട്ടകത്തില്‍ വമ്പൻ ജയത്തില്‍ കുറഞ്ഞൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.
ക്വാര്‍ട്ടറില്‍ ചിലിയോട് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് ബ്രസീലിന്റെ സെമി പ്രവേശനം. അനായാസം ബ്രസീല്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിലിയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. അതേസമയം പരാഗ്വെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പെറുവിന്റെ സെമി പ്രവേശനം. കടുത്ത പോരാട്ടവീര്യമുള്ള നിരയാണ് പെറുവിന്റേത്. അതിനാല്‍ത്തന്നെ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.
പ്രതിരോധത്തിലും ആക്രമണത്തിനും പേരുകേട്ട കാനറിപ്പടതന്നെയാണ് മത്സരത്തിലെ ഫേവറിറ്റുകള്‍. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിരുന്നു ബ്രസീല്‍. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തായിരുന്നു പെറു. രണ്ട് ജയം നേടിയപ്പോള്‍ ഓരോ സമനിലയും തോല്‍വിയുമാണ് പെറു ഗ്രൂപ്പില്‍ നേടിയത്. ഗ്രൂപ്പില്‍ ബ്രസീലുമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തകര്‍ത്തിരുന്നു. ഇത് സെമിയിലും ബ്രസീലിന് ആത്മവിശ്വാസം നല്‍കും.
പെറുവിനെതിരേ മികച്ച റെക്കോഡാണ് ബ്രസീലിനുള്ളത്. നേര്‍ക്കുനേര്‍ എത്തുന്ന മത്സരങ്ങളില്‍ 3.1 ആണ് ടീമിന്റെ വിജയ ശരാശരി. സമീപകാലത്തൊന്നും ബ്രസീലിനെ വീഴ്ത്താന്‍ പെറുവിനായിട്ടില്ല. ഈ കണക്കുകളെല്ലാം ബ്രസീലിന് അനുകൂലമാണെങ്കിലും ഫുട്‌ബോളില്‍ മുന്‍ വിധികള്‍ക്ക് സ്ഥാനമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here