കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനം : മന്ത്രി പി.രാജീവ്

കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ബോധപൂർവ്വം ഒരു പരിശോധനയും കിറ്റെക്‌സ് കമ്പനിയിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പിടി തോമസ് ജൂൺ ഒന്നിന് കിറ്റെക്‌സ് കമ്പനിയെ പറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ബന്ധപ്പെട്ട വകുപ്പുകൾ നടത്തി. ഫെബ്രുവരി 20 ന് ബെന്നി ബെഹനാനാണ് ആദ്യമായി പരാതി ഉന്നയിച്ചത്. വേതനം ലഭിക്കുന്നില്ല എന്ന പരാതിയിൽ ജൂൺ എട്ടിന് പരിശോധന നടത്തിയിരുന്നു.
വിവാദം ഉയർന്ന് വന്ന അന്ന് തന്നെ കമ്പനി ഉടമയെ വിളിച്ചിരുന്നു. നിക്ഷേപത്തിൽ നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയും ഉടമയെ വിളിച്ചു. മാനേജ്‌മെന്റ് ഇതുവരെ സർക്കാരിനോ മുഖ്യമന്ത്രിക്കോ പരാതി നൽകിയിട്ടില്ല. എന്നിട്ടും കിറ്റക്‌സ് സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ചു. ഇത്തരം അധിക്ഷേപം നടത്താൻ തക്കവണ്ണം ഗവൺമെന്റ് ഒന്നും മോശമായി ചെയ്തിട്ടില്ല.
വ്യവസായ വകുപ്പിൽ എന്തുകൊണ്ട് കിറ്റക്‌സ് പരാതി നൽകിയില്ലെന്നും പി.രാജീവ് ചോദിച്ചു. അസെന്റുമായി ബന്ധപ്പെട്ടും കിറ്റെക്‌സ് ഉടമ ഉയർത്തിയത് വ്യാജ പ്രചാരണമാണെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.
Story Highlights: p rajeev against kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here