Advertisement

‘അനിയത്തിപ്രാവിലെ’ ആരും കേൾക്കാത്ത ഗാനം 24 വർഷത്തിന് ശേഷം റിലീസ് ചെയ്തു

July 5, 2021
Google News 1 minute Read

ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ വലിയ തരംഗം സൃഷ്ട്ടിച്ച സിനിമയാണ് അനിയത്തിപ്രാവ്. ഇപ്പോഴിതാ 24 വർഷത്തിന് ശേഷം ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രത്തിലെ ആരും കേൾക്കാത്ത ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത സംവിധായകനായ ഔസേപ്പച്ചൻ. ഈയിടെ അന്തരിച്ച കവിയും ഗാന രചയിതാവുമായ എസ്. രമേശൻ നായരോടുള്ള ആദര സൂചകമായാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ ശാലിനി ആയിരുന്നു നായിക. ഈ സിനിമയിലൂടെയാണ് ചാക്കോച്ചൻ ‘ചോക്ലേറ്റ് ഹീറോ’ എന്ന പദവിയിൽ എത്തുന്നത്. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരമാണ്.

‘തേങ്ങുമീ വീണയിൽ’ എന്നാരംഭിക്കുന്ന ഗാനം യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മുൻ നിശ്ചയ പ്രകാരമുള്ള ക്ലൈമാക്സിൽ മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തിൽ നിന്ന ഒഴിവാക്കിയത്. കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും ഗാനം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സത്യം വിഡിയോസാണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.

കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ തിലകന്‍, ശ്രീവിദ്യ, ഹരിശ്രീ അശോകന്‍, സുധീഷ്, ജനാര്‍ദ്ധനന്‍, കൊച്ചിന്‍ ഹനീഫ, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും അനിയത്തിപ്രാവില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇരുന്നൂറിലധികം ദിവസമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. കൂടാതെ അന്ന് പതിനഞ്ച് കോടിയിലധികം കളക്ഷനും ചാക്കോച്ചന്‍ ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടി. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന് ലഭിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. അനിയത്തിപ്രാവ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് പതിപ്പായ കാതലുക്കു മര്യാദെയില്‍ ശാലിനിക്കൊപ്പം ദളപതി വിജയ് പ്രധാന വേഷത്തിലെത്തി. വിജയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here