മുഹമ്മദിന്റെ മരുന്നിന് നികുതി ഇളവ് ആവശ്യപ്പെട്ട് എളമരം കരീം എംപി; പ്രധാനമന്ത്രിക്ക് കത്ത്

കണ്ണൂരിലെ ഒന്നര വയസുകാരന് ആവശ്യമായ മരുന്നിന് നികുതി ഇളവ് ആവശ്യപ്പെട്ട് എളമരം കരീം എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മരുന്നിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്ടിയും ചേരുമ്പോള്‍ നികുതിയിനത്തില്‍ മാത്രം ആറര കോടി രൂപ ചെലവുവരും. മഹാരാഷ്ട്രയില്‍ തീര എന്ന കുട്ടിക്ക് സൊള്‍ജെന്‍സ്മ മരുന്നിനുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടല്‍ മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണമെന്ന് എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.
മസില്‍ ശോഷണത്തിന് വഴിവയ്ക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അസ്ട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിനുള്ളത്. കല്യാശേരി മണ്ഡലം എംഎല്‍എ വിജിന്റെയും മാട്ടൂല്‍ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി മരുന്നിന് ആവശ്യമായ 18 കോടി രൂപ കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്ച കൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്. കേന്ദ്രം ഇടപെട്ട് നികുതി കൂടി ഒഴിവാക്കണമെന്നും ഇതിനാവശ്യമായ നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.
Story Highlights: elamaram kareem, narendra modi, spinal muscular atrophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here