Advertisement

ഗ്രാമത്തിലെ മദ്യവിൽപ്പനശാലകൾ അടച്ചു; ഭീഷണികളെ വക വെക്കാത്ത പതിനേഴുകാരന് ആഗോള പുരസ്‌കാരം

July 6, 2021
Google News 0 minutes Read

വേറിട്ട പ്രവർത്തനങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും ആഗോള ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ വിദിശയിൽ നിന്നുള്ള പതിനേഴുകാരനായ സുർജിത്ത് ലോധി. ബാലവേലയ്ക്കും മദ്യാസക്തിക്കും എതിരെ സുർജിത്ത് നടത്തിയ കഠിന പോരാട്ടമാണ് ലോക ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ പതിമൂന്നാം വയസിലാണ് സുർജിത്ത് സാമൂഹിക പ്രതിബദ്ധതയോടെ പോരാട്ടം ആരംഭിച്ചത്. അശാന്തമായ പരിശ്രമത്തിലൂടെ സുർജിത് തന്റെ ഗ്രാമത്തിലെ അഞ്ചോളം മദ്യശാലകൾ പൂട്ടിച്ചു. കൂടാതെ നൂറോളം കുട്ടികളെ സ്കൂളിൽ ചേർത്തു. സുർജിത്ത് എന്ന കൊച്ചു മിടുക്കന്റെ ഈ പ്രവർത്തികൾ ഇപ്പോൾ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.

ജൂലൈ ഒന്നിന് നടന്ന ഒരു വെർച്വൽ ചടങ്ങിലൂടെയാണ് സുർജിത്തിന് 2020 ലെ ഡയാന അവാർഡ് ലഭിച്ചത്. 1999 ൽ സ്ഥാപിതമായ ഈ അവാർഡ് യു.എൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മാതൃകാപരമായ മാനുഷിക പ്രവർത്തനങ്ങൾ പ്രകടിപ്പിച്ചവരെ ബഹുമാനിക്കുന്നു. ഈ വർഷം ഇത് ലഭിച്ച നിരവധി യുവ ഇന്ത്യക്കാരിൽ ഒരാളാണ് സുർജിത്ത് ലോധി.

മികച്ച പ്രകടനം നടത്താനുള്ള ഉത്തരവാദിത്തമായാണ് ഞാൻ ഈ അവാർഡിനെ കാണുന്നത്. അംഗീകാരത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കൂടുതൽ നിരാലംബരായ കുട്ടികളെ സഹായിച്ചുകൊണ്ട് എന്റെ ശ്രമം വർദ്ധിപ്പിക്കുകയാണ് ഞാൻ ലക്ഷ്യമിടുന്നത്”, സുർജിത്ത് പറഞ്ഞു.

ബാലവേല അവസാനിപ്പിക്കുന്നതിനായി 1960 കളിൽ കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ (കെ‌.എസ്‌.സി‌.എഫ്.) ആരംഭിച്ച ബാല മിത്ര ഗ്രാം (ബി‌.എം‌.ജി.) സംഘടനയിൽ സുർജിത്ത് അംഗമായി. ബാലവേലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും കുട്ടികളെ സ്കൂളുകളിൽ ചേർക്കാൻ അവരുടെ മാതാപിതാക്കളെ സഹായിക്കുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം.

ഗാർഹിക പീഡനത്തിനെതിരെ ഇത്രയും ശക്തമായ നടപടി സ്വീകരിച്ച സുർജീത്തിനെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. മുൻ ബാലവേലക്കാർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വലിയ സംരംഭങ്ങൾ അവൻ ഏറ്റെടുത്തു. ഞങ്ങളുടെ ബി‌.എം‌.ജി.കളിലെ നിരവധി കുട്ടികൾക്ക് സുർജിത്ത് ഒരു മാതൃകയാണ്, അവിടെ ഓരോ കുട്ടിയും ശക്തമായ നേതാവാണ്, ഒപ്പം അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും മുതിർന്നവർക്കൊപ്പം അവരുടെ ഗ്രാമവികസനത്തിനായി പോരാടാനും അധികാരമുണ്ട്, ”ബി‌.എം‌.ജി.യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പി. നാഗസായി മാലതി പറഞ്ഞു.

ഭാര്യയും മക്കളുമടങ്ങുന്ന തന്റെ കുടുംബത്തെ ശാരീരികമായി പീഡിപ്പിക്കുന്നത് ഇന്ത്യയിലെ പുരുഷന്മാർക്ക് അസാധാരണമല്ല. സുർജിത്തും ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നു.

പത്ത് അംഗങ്ങൾ അടങ്ങുന്ന ഒരു കുടുമ്ബത്തിലെ അംഗമായിരുന്നു സുർജിത്ത്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും വലിയൊരു കുടുംബത്തിൻറെ ചുമതല തന്റെ ചുമലിലായതിനെ തുടർന്നും സുർജിത്തിൻറെ പിതാവ് മദ്യപാനം ഒരു ശീലമാക്കിയിരുന്നു.

2016 ലാണ് സുർജിത്ത് സത്യാർത്ഥി ഫൗണ്ടേഷനെ പറ്റി അറിഞ്ഞത്.

“കട്ടിയുള്ള തറയിൽ മൃദുവായ തലയണ സ്ഥാപിക്കുന്നതുപോലെയായിരുന്നു ഇത്. ഗാർഹിക പീഡനം എത്രത്തോളം സാധാരണമാണെന്ന് പറയാതെ തന്നെ എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്ന ഒരു സംഘടനയായിരുന്നു അത്. എനിക്കും ഗ്രാമത്തിനും ഒരു അവസരം ഞാൻ അതിൽ കണ്ടു. ഞങ്ങളുടെ ഗ്രാമത്തിൽ നിരവധി തെക്കകൾ (മദ്യവിൽപ്പന ശാലകൾ) ഉണ്ട്, അവിടെ നിന്ന് വിലകുറഞ്ഞ അപകടകരമായ മദ്യം എളുപ്പത്തിൽ ലഭിക്കും. അത്തരം മദ്യശാലകൾ നാട്ടിൽ നിന്ന് പോകേണ്ട സമയമായി”, സുർജിത്ത് പറഞ്ഞു.

മദ്യപാനം കാരണം സുർജിത്തിന്റെ പിതാവിന് ജോലി ചെയ്യാൻ കഴിയാതെയായി. സുർജിത്ത് സ്കൂൾ പഠനം അവസാനിപ്പിച്ച് ജോലിക്ക് പോയി പണം സമ്പാദിക്കണമെന്നായി പിന്നീടുള്ള ആവശ്യം. എന്നാൽ തന്റെ മുത്തച്ഛൻ കുടുംബം പുലർത്താനുള്ള കർത്തവ്യം ഏറ്റെടുത്തിട്ട് തന്നെ പഠനം തുടരാൻ അനുവദിച്ചെന്നും, മുത്തച്ഛനോട് നന്ദിയുണ്ടെന്നും സുർജിത്ത് വ്യകത്മാക്കി.

പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാനും ബി.ജി.എം. അംഗങ്ങളോട് ആവശ്യപ്പെട്ടു. തന്റെ വ്യക്തിജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സുർജിത്ത് റാലികൾക്കും പരാതികൾക്കും ബോധവൽക്കരണ പരിപാടികൾക്കുമായി ആശയങ്ങൾ അവതരിപ്പിച്ചു. എന്നിരുന്നാലും, ഒരു വലിയ വരുത്തേണ്ട ആവശ്യം അനിവാര്യമാണെന്ന് സുർജിത്ത് മനസ്സിലാക്കി. അതിനാൽ, മദ്യശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം തീരുമാനിച്ചുവെങ്കിലും ഒരു പ്രശ്‌നമുണ്ടായിരുന്നു.

“തുടക്കത്തിൽ ആരും ഞങ്ങളുടെ പ്രവർത്തനങ്ങളെ ഗൗരവമായി കണ്ടിരുന്നില്ല. 14 വയസുള്ളപ്പോൾ ഞങ്ങളെ തുല്യരായി കാണാൻ വിസമ്മതിക്കുന്ന മുതിർന്നവരോട് ന്യായവാദം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ, കുട്ടികളെ ബോധ്യപ്പെടുത്തുകയും അവരെ എന്റെ ഭാഗത്തു എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യ ശ്രമം. 90 ഓളം കുട്ടികളിലേക്ക് ഞാൻ എത്തിച്ചേർന്നു, ആരോഗ്യം, കുടുംബം, മൊത്തത്തിലുള്ള ജീവിതശൈലി എന്നിവയിൽ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ഞാൻ അവരെ പഠിപ്പിച്ചു. അവരുടെ വീടുകളിൽ സമാനമായ എന്തെങ്കിലും കണ്ടതിനാൽ മിക്കവർക്കും എന്റെ ദുരവസ്ഥ മനസിലാക്കാൻ കഴിഞ്ഞു”, സുർജിത്ത് അറിയിച്ചു.

ബി‌.എം‌.ജി. അംഗങ്ങളിൽ ഒരാൾ അച്ഛൻ മദ്യപാനം ഉപേക്ഷിക്കുന്നതുവരെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. അച്ഛൻ മദ്യം ഉപേക്ഷിക്കുന്നത് വരെ അവൾ മാതാപിതാക്കളുമായി വഴക്കിട്ടു. ഈ പ്രശ്നം ഒരു ഉദാഹരണമായെടുത്ത് മാതാപിതാക്കളോട് വൈകാരികമായി ഇടപെടാൻ യുവ അംഗങ്ങളോട് സുർജിത്ത് ആവശ്യപ്പെട്ടു.

അതേസമയം, അനധികൃതമായി മദ്യം വിൽക്കുന്ന കടകളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യവുമായി സുർജിത്ത് ഗ്രാമപഞ്ചായത്തിനെ സമീപിച്ചു. ഈ നീക്കത്തെ തുടർന്ന് ഉടമകളിൽ നിന്ന് ഭീഷണികൾ ഉണ്ടായെങ്കിലും സുർജിത്ത് കുലുങ്ങിയില്ല. ഉടമകൾ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് സുർജിത്ത് പോലീസിനെ അറിയിച്ചു.

“രണ്ട് ഉടമകൾ സ്വന്തമായി ഷോപ്പ് അടച്ചു, മറ്റ് മൂന്ന് പേർക്കും ശരിയായ ലൈസൻസില്ലാത്തതിനാൽ അടച്ചുപൂട്ടാൻ നിർബന്ധിതരായി. പക്ഷേ, കടകൾ അടച്ചുപൂട്ടുന്നതോടെ അവരുടെ ഉപജീവനമാർഗം ഇല്ലാതായി. സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ദൈനംദിന കൂലി തൊഴിലാളികളായി ജോലി നേടാൻ ഞങ്ങൾ അവരെ സഹായിച്ചു. പുരുഷ സമുദായ അംഗങ്ങളുടെ മദ്യപാനത്തെയും ഗാർഹിക പീഡന പരാതികളെയും ഗ്രാമ സമൂഹങ്ങൾ ഇപ്പോൾ നിരീക്ഷിക്കുന്നു”, സുർജിത്ത് അറിയിച്ചു.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സുര്ജിത്തിന്റെ ആഗ്രഹം ഒരു ഡോക്ടർ ആവക അല്ലെങ്കിൽ കൃഷി വിഭാഗത്തിൽ ഡിഗ്രി എടുക്കുക എന്നാണ്.

ദേശിയ തലത്തിൽ തന്റെ സംരംഭങ്ങൾ വർധിപ്പിക്കുകയും പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ട സഹായം എത്തിച്ചു കൊടുക്കുക എന്നതുമാണ് സുർജിത്തിൻറെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here