ഇൻഡോർ സൈക്ലിംഗ് ഗെയിം രൂപകൽപ്പന ചെയ്ത 19കാരനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സൈക്ലിംഗ് നടത്തുമ്പോൾ ചരിത്ര സ്മാരകങ്ങൾ കാണാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന വിർച്വൽ ഗെയിമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനം. അഖിലേന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (എ.ഐ.സി.ടി.ഇ) ചില പ്രധാന മന്ത്രാലയങ്ങളും ചേർന്ന് സംഘടിപ്പിച്ച ഡിജിറ്റൽ ‘ടോയ്കത്തോൺ 2021’ പരിപാടിയുടെ സമാപന വേളയിലാണ് ഗെയിം രൂപകൽപ്പന ചെയ്ത 19കാരന് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
തമിഴ്നാട് സേലത്തെ ത്യാഗരാജൻ പോളിടെക്‌നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആദിക് മുഹമ്മദാണ് പ്രധാനമന്ത്രിയുടെ അനുമോദനം ഏറ്റ് വാങ്ങിയത്. സൈക്കിളിംഗിനൊപ്പം വിർച്വൽ റിയാലിറ്റി കൂടി ഉൾപ്പെടുത്തി വീടിനുള്ളിൽ സൈക്കിൾ ചവിട്ടുന്നതിനൊപ്പം യാത്ര ചെയ്യുന്ന അനുഭൂതി തരുന്ന രീതിയിലാണ് ഗെയിം തയാറാക്കിയിരിക്കുന്നത്.
ഇന്ത്യൻ സംസ്ക്കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഗെയിം തയാറാക്കിയിരിക്കുന്നത്. ഗെയിമിൻറെ പശ്ചാത്തലത്തിൽ ശാന്തമായ സംഗീതവും ആദിക് ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഗെയിം അംഗീകരിച്ച മോദി, ട്രെഡ്മിൽ ഉപഭോക്താക്കൾക്കും സമാനമായ സംവിധാനം ആവിഷ്‌ക്കരിക്കണമെന്ന് നിർദേശിച്ചു. ടീം അംഗങ്ങളായ ദീപേഷ്.എം, അനുങ് യാങ്‌ഫോ എന്നിവർക്കൊപ്പം പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം പ്രവർത്തിക്കുമെന്ന് ആദിക് ഉറപ്പ് നൽകി. ഉപയോക്താവിന് 360 ഡിഗ്രി കാഴ്ചയുടെ അനുഭവങ്ങളും ലഭിക്കും. വനിതാ, ശിശു വികസന, വിവര, പ്രക്ഷേപണം, വാണിജ്യം, വ്യവസായം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തുണിത്തരങ്ങൾ എന്നീ വകുപ്പുകളുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയവും എ.ഐ.സി.ടി.ഇയും ചേർന്ന് ആണ് ‘ടോയ്കത്തോൺ 2021’ സംഘടിപ്പിച്ചത്.
നൂതനമായ കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും വികസനമാണ് ‘ടോയ്‌കത്തോൺ’ എന്ന പരിപാടിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. സമർപ്പിച്ച 17,000 ത്തോളം ആശയങ്ങളിൽ 1,567 ആശയങ്ങൾ ജൂൺ അവസാനത്തിൽ നടന്ന മൂന്ന് ദിവസത്തെ ഓൺലൈൻ ടോയ്‌കത്തോൺ ഗ്രാൻഡ് ഫൈനലിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. മാത്രമല്ല ശ്രദ്ധേയമായ ഏഴ് ആശയങ്ങൾ മാത്രമാണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ തിരഞ്ഞെടുത്തത്. ഹെറിറ്റേജ് റേസ് ഗെയിം എന്ന ആദിക്കിന്റെ ഗെയിം ഈ ഏഴ് ആശയങ്ങളിൽ ഒന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here