പരാതി കേൾക്കാൻ മന്ത്രി സംരംഭകർക്കിടയിലേക്ക്; മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് 15 ന് തുടക്കം

വ്യവസായ സംരംഭകരുടെയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികൾ നേരിട്ടറിയൻ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി ജൂലൈ 15 ന് ആരംഭിക്കും. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, ചുമതലയുള്ള ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും.
എറണാകുളം – ജൂലൈ 15 രാവിലെ 10, തിരുവനന്തപുരം – ജൂലൈ 16 ഉച്ചക്ക് 2, കോട്ടയം ജൂലൈ 19 രാവിലെ 10 എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിനായി വ്യവസായ വകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്.
പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നവർ അവ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഈ മെയിൽ വഴിയോ മുൻകൂട്ടി നൽകണം. പരാതിയുടെ പകർപ്പ് meettheminister@gmail.com എന്ന ഇ-മെയിലിലും നൽകണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here