മാറ്റിവച്ച ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക ഈ മാസം 18ന്; സ്ഥിരീകരണവുമായി ജയ് ഷാ

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ആരംഭിക്കുക ഈ മാസം 18ന്. 17ന് പര്യടനം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഇത് തള്ളിക്കൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് പുതുക്കിയ തീയതി അറിയിച്ചത്. ബാറ്റിംഗ് പരിശീലകൻ ഗ്രാൻഡ് ഫ്ലവർ, ഡാറ്റാ അനലിസ്റ്റ് ജി ടി നിരോഷൻ എന്നിവർക്കാണ് ശ്രീലങ്കൻ ക്യാംപിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ 13നാണ് ശ്രീലങ്ക-ഇന്ത്യ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. താരങ്ങളിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊവിഡിൻ്റെ ഡെൽറ്റ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്.
ജൂലൈ 18നാണ് പരമ്പരയിലെ ആദ്യ മത്സരം. 20,23 തീയതികളിൽ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കൻ താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്. ഇംഗ്ലണ്ടിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്. നാട്ടിൽ തിരിച്ചെത്തിയ ലങ്കൻ താരങ്ങൾ ഇപ്പോൾ ബയോ ബബിളിലാണ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാർക്കും നാല് സപ്പോർട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചതിനെത്തുടർന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കു പുതിയ ടീമിനെ തന്നെ ഇറക്കാൻ ഇംഗ്ലണ്ട് നിർബന്ധിതരായിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കൻ ടീമിലേക്കും കൊവിഡ് കടന്നു കൂടിയത്.
Story Highlights: Sri Lanka-India series to get underway from July 18
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here