മെസി സെമിയും ഫൈനലും കളിച്ചത് പരുക്കേറ്റ കാലുമായെന്ന് പരിശീലകൻ

ലയണൽ മെസി കോപ്പ അമേരിക്ക സെമിഫൈനലും ഫൈനലും കളിച്ചത് പരുക്കേറ്റ കാലുമായെന്ന് അർജൻ്റൈൻ പരിശീലകൻ ലയണൽ സ്കലോണി. ബ്രസീലിനെതിരായ വിജയത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്കലോണി ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജൻ്റീന ബ്രസീലിനെ കീഴടക്കിയത്.
“കോപ്പയിൽ അദ്ദേഹം എങ്ങനെ കളിച്ചു എന്നറിഞ്ഞാൽ നിങ്ങൾ മെസിയെ കൂടുതൽ ഇഷ്ടപ്പെടും. അദ്ദേഹത്തെപ്പോലൊരു താരമില്ലാതെ ഇത് നടക്കില്ല. ഈ കളിയിലും മുൻപത്തെ കളിയിലും അദ്ദേഹം പൂർണമായി ഫിറ്റായിരുന്നില്ല.”- സ്കലോണി പറഞ്ഞു.
അതേസമയം, മെസിക്ക് ഏത് തരത്തിലുള്ള പരുക്കാണ് പറ്റിയതെന്ന് സ്കലോണി വെളിപ്പെടുത്തിയില്ല. കൊളംബിയക്കെതിരായ സെമിഫൈനലിൽ ടാക്കിൾ ചെയ്യപ്പെട്ട് അദ്ദേഹത്തിൻ്റെ കാലിനു പരുക്കേറ്റിരുന്നു. രക്തമൊഴുകുന്ന കാലുമായാണ് മെസി അവസാന 30 മിനിട്ടുകൾ കളിച്ചത്. ഈ പരുക്കാണോ സ്കലോണി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജൻ്റീനയുടെ ജയം. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ ആണ് കളിയിലെ താരം.
Story Highlights: ‘Lionel Messi played Copa America final with an injury’-Lionel Scaloni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here