യുവാക്കളുടെ സമര ചൂട് അറിഞ്ഞ് നേപ്പാൾ; ജെൻസി വിപ്ലവത്തിൽ വിറച്ച് രാജ്യം, പ്രധാനമന്ത്രിയും മന്ത്രിമാരും രാജി വച്ചു

നേപ്പാളിനെയും സർക്കരിനെയും പിടിച്ചു കുലുക്കിയിരിക്കുകയാണ് യുവാക്കളുടെ ജെൻസി വിപ്ലവം. സമരത്തെ അടിച്ചമർത്താമെന്ന സർക്കാരിന്റെ കണക്ക് കൂട്ടലുകളെല്ലാം തകർത്തുകൊണ്ടായിരുന്നു രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങിയത്. നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാരിന്റെ അഴിമതിയും ചൂണ്ടിക്കാണിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം കനത്തത്.
കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾ ലഭിക്കാതെ ആയതോടെ യുവാക്കൾ തെരുവിലേക്കിറങ്ങി. സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കുമെതിരെ തുടങ്ങിയ യുവാക്കളുടെ പ്രക്ഷോഭം സർക്കാരിൻ്റെ അഴിമതിക്കും ദുർഭരണത്തിനും എതിരായ ബഹുജന പ്രക്ഷോഭമായി മാറുകയായിരുന്നു.
പ്രതിഷേധം കനത്തത്തോടെ സമൂഹമാധ്യമങ്ങളുടെ നിരോധനം പിൻവലിച്ചിരുന്നു. എന്നാൽ പ്രതിഷേധം അവസാനിപ്പിക്കാൻ യുവാക്കൾ തയാറായില്ല. പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ രാജിക്ക് വേണ്ടിയുള്ള പ്രക്ഷോഭം കലാപമായി മാറി. യുവാക്കളുടെ സമരചൂടിൽ സർക്കാരിന്റെ താളം തെറ്റി. ആദ്യം ആഭ്യന്തരമന്ത്രിയും പിന്നാലെ പ്രധാനമന്ത്രി കെ പി ശർമ്മ ഓലിയും രാജി വെച്ചു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും മന്ത്രിമാരുടേയും വസതികളടക്കം പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. പാർലമെൻ്റ് മന്ദിരവും സുപ്രീംകോടതിയും ആക്രമിച്ച് തകർത്തു. മുൻ പ്രധാനമന്ത്രി ഷെർ ബഹാദൂർ ദുബെയെയും കുടുംബത്തെയും പ്രതിഷേധക്കാർ വീട്ടിൽ നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. ധനമന്ത്രി ബിഷ്ണു പ്രസാദിനെ പ്രതിഷേധക്കാർ തെരുവിൽ മർദിച്ചു. സൈന്യത്തിനും പൊലീസിനും പ്രക്ഷോഭകരെ നിയന്ത്രിക്കാനായില്ല.
പ്രതിഷേധം കാഠ്മണ്ഡുവിൽ നിന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ഇതോടെ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവച്ചു. രാജിവെച്ച പ്രധാനമന്ത്രിയും മന്ത്രിമാരും സൈന്യത്തിൻ്റെ സുരക്ഷിത കേന്ദ്രത്തിലാണെന്നാണ് റിപ്പോർട്ട്. നേപ്പാളിൻ്റെ ഭരണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സൈനിക വക്താവ് അറിയിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനുള്ള പിന്തുണ നേപ്പാളി കോൺഗ്രസ് പിൻവലിച്ചേക്കും. സംഘർഷം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ‘ജെൻ സീ വിപ്ലവം’ എന്നപേരിൽ ആരംഭിച്ച യുവാക്കളുടെ പ്രക്ഷോഭം സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. സംഘർഷത്തിൽ 19 പേർ മരിച്ചിരുന്നു. 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം നീക്കിയെങ്കിലും 19 പേർ കൊല്ലപ്പെട്ടതിന് കാരണം സർക്കാരാണെന്നും സർക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവാക്കൾ പ്രക്ഷോഭം തുടരുകയാണ്.
Story Highlights : Nepal trembles in youth Gen Z revolution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here