ശ്രീലങ്ക-ഇന്ത്യ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം

ശ്രീലങ്ക-ഇന്ത്യ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. ക്യാമ്പിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരമ്പരയുടെ ഭാവിയിൽ സംശയമുയർന്നിരുന്നു. എന്നാൽ, പരമ്പരയുമായി മുന്നോട്ടുപോകാൻ ശ്രീലങ്കൻ സർക്കാർ ക്രിക്കറ്റ് ബോർഡിന് അനുമതി നൽകി. ഇതിനു പിന്നാലെയാണ് മത്സരങ്ങളുടെ സമയക്രമത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മാറ്റം വരുത്തിയത്.
ജൂലൈ 18 നാണ് പര്യടനം ആരംഭിക്കുക. ഏകദിന മത്സരങ്ങൾ വൈകുന്നേരം 3 മണിക്കും ടി-20 മത്സരങ്ങൾ രാത്രി 8 മണിക്കുമാണ് തീരുമാനിച്ചിരുന്നത്. പുതിയ സമയക്രമം പ്രകാരം ഏകദിന മത്സരങ്ങൾ അര മണിക്കൂർ നേരത്തെ, 2.30ന് ആരംഭിക്കും. ടി-20 മത്സരങ്ങൾ 8 മണിക്ക് പകരം ഏഴ് മണിക്കും ആരംഭിക്കും.
ജൂലൈ 13നാണ് ശ്രീലങ്ക-ഇന്ത്യ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: Sri Lanka announce revised timings for matches against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here