ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ദേവസ്വംബോര്‍ഡ് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ വരുമാനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. സാമ്പത്തിക പ്രതിസന്ധി ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയെയും ബാധിക്കാതിരിക്കാന്‍ 135 കോടിയിലധികം രൂപാ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ദേവസ്വം ബോര്‍ഡുകള്‍ സ്വന്തമായി വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പിലാക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ദേവസ്വം ബോര്‍ഡുകളുടെ പക്കല്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിവാദ രഹിതമായി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ക്ഷേത്രങ്ങളിലെ വഴിപാട്, പ്രസാദം തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ദേവസ്വം ബോര്‍ഡുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൊതുവായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതിനും നിശ്ചയിച്ചു.
ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കുന്നതിനു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡുകളുടെ സംയുക്ത നിയന്ത്രണത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക താന്ത്രിക പഠനകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു പ്രോജക്‌ട് തയ്യാറാക്കുന്നതിനും ക്ഷേത്രങ്ങളില്‍ പാരമ്ബര്യ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഒക്ടോബര്‍ 15-നകം ദേവസ്വം ബോര്‍ഡുകള്‍ ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നിര്‍ദേശങ്ങള്‍ തയ്യാറാക്കി നല്‍കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here