കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. 17 നിന്ന് 28 ശതമാനമായാണ് വര്‍ദ്ധന. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 65 ലക്ഷം പെന്‍ഷന്‍ വരിക്കാര്‍ക്കും 52 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതിലൂടെ ഗുണം ലഭിക്കും.
ക്ഷാമബത്ത വര്‍ധിക്കുന്നതോടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും വര്‍ധിക്കും. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനപ്പെടുത്തിയാണ് പ്രോവിഡന്റ് ഫണ്ട് നിശ്ചയിക്കുന്നത്. മാത്രമല്ല ജീവനക്കാരുടെ ശമ്പളത്തിലും കാര്യമായ വര്‍ധനവ് ഉണ്ടാവും. എന്നാല്‍ 2020 ജനുവരി ഒന്നു മുതലുള്ള ഡി എ കുടിശിക എന്നുമുതല്‍ നല്‍കുമെന്ന് കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
മൂന്നുഗഡു ഡി എ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതല്‍ 2020 ജൂണ്‍ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതല്‍ 2020 ഡിസംബര്‍ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നാലുശതമാനവുമാണ് ഡി എ നല്‍കാനുളളത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന അധികബാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ, ഡി ആര്‍ വര്‍ദ്ധന കഴിഞ്ഞവര്‍ഷം മരവിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here