പ്രവാസിയെ തട്ടിക്കൊണ്ടുപോയത് മോനായി ഗ്യാങ്; അഷ്‌റഫ് കൊടിസുനിയുടെ ആള്‍; ഗുണ്ടാനേതാവിന്റെ ശബ്ദരേഖ ട്വന്റിഫോറിന്

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത് ഗുണ്ടാനേതാവ് മോനായിയും സംഘവും. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതികളാണെന്ന് വിവരം ലഭിച്ചു. കൊടുവള്ളി സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.
സംഭവത്തിന് കാരണം സ്വര്‍ണം കവര്‍ച്ച ചെയ്തതിലുള്ള പകവീട്ടലെന്ന് ഗുണ്ടാനേതാവ് വെളിപ്പെടുത്തുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു.
അഷ്‌റഫ് കൊടിസുനിയുടെ ആളാണെന്നും ശബ്ദരേഖയില്‍ വ്യക്തമാണ്.
ഗുണ്ടാ നേതാവ് മോനായിയുടെ ഫോണ്‍ സംഭാഷണം;
” ഈ കൊയിലാണ്ടി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് മനസിലായോ? കൊടി സുനി വെല്ലുവിളിക്കുവാ അവന്റെ ചങ്ങാതിയെ കൊണ്ടുപോയെന്ന്. ഏത് കൊടിസുനി അല്ല, ആരു പ്രൊട്ടക്റ്റ് ചെയ്താലും നമ്മടെ മുതല്‍ കൊണ്ടുപോയാല്‍ നമ്മള്‍ അവരെ കൊണ്ടുപോകും. ഇനി ഗോള്‍ഡ് കട്ടുചെയ്യുന്നവര്‍ക്ക് ഒരു പാഠമാണ് ഈ കൊയിലാണ്ടി അഷ്‌റഫ്.കൊറേയെണ്ണന്മാര് കണ്ണൂരില്‍ പൊട്ടിച്ചിട്ട് നില്‍ക്കുന്നുണ്ട്. ഒറ്റയൊരുത്തനെ വിടത്തില്ല. അത് എവിടെ വരെ പോകുവോ അവിടെ വരെ പോകും.
നിങ്ങള്‍ക്കിപ്പൊ പാര്‍ട്ടിയുടെ സപ്പോര്‍ട്ട് ഇല്ലല്ലോ. വാ ഇറങ്ങിവാ നമുക്ക് നോക്കാം. ഗുണ്ടായിസം എന്താണെന്ന് കാണിച്ചുതരാം. പാര്‍ട്ടീടെ തണലില്‍ നിന്ന് വെല്ലുവിളിക്കുവാ. ഓരോരുത്തരെ കൊന്നിട്ട് അതിന്‍രെ പേരും പറഞ്ഞ്…ആണുങ്ങളെ പോലെ വാ. നമുക്ക് നോക്കാം. കൊടി സുനിയല്ല ഏതവന്‍ ആണേലും വിടത്തില്ല. നമ്മള് തുടങ്ങീട്ടുണ്ട്. അഞ്ച് പേരവിടെ മരിച്ചിട്ടുണ്ട് ഇവന്മാര് കാരണാ.. അതിനെല്ലാം ഉളള പണി തുടങ്ങീട്ടുണ്ട്. നോക്കിക്കോ….’
ഗുണ്ടാ നേതാവ് മോനായി എന്ന നിസാം സലിം കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതിയാണ്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. കൊടി സുനി അടക്കമുള്ള സംഘത്തെ വെല്ലുവിളിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസിയെ ഇന്നലെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെയോടെ അഷ്‌റഫിനെ വിട്ടയയ്ക്കുകയും ചെയ്തു. ഇയാള്‍ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Story Highlights: koyilandy kidnapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here