Advertisement

സന്ദർശകർക്കായി വാതിൽ തുറന്ന് പൂക്കളുടെ സ്വർഗം

July 14, 2021
Google News 1 minute Read

പൂക്കൾ നിറഞ്ഞ താഴ്വരകൾ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. കാഴ്‌ചയിൽ സ്വർഗം ഭൂമിയിലേക്കിറങ്ങി വന്ന പോലെ തോന്നും ഹിമാലയത്തിന്റെ താഴ്‌വരയിൽ മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ വിവിധ വർണങ്ങളുടെ കുടചൂടി വ്യാപിച്ചു കിടക്കുന്ന ‘ വാലി ഒഫ് ഫ്ലവേഴ്സ് ‘ നാഷണൽ പാർക്ക് കണ്ടാൽ.

കൊവിഡ്‌ മഹാമാരിക്കിടയിലും, പ്രകൃതിയുടെ വർണ വസന്തം തീർത്ത വാലി ഒഫ് ഫ്ലവേഴ്സിലെ കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്കായി വാതിൽ തുറന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് വാലി ഓഫ് ഫ്ലവേഴ്സ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച പ്രദേശമാണിത്. വിവിധ നിറങ്ങളിലുള്ള അതിമനോഹരമായ പൂക്കൾ നിറഞ്ഞ ഈ താഴ്വരയിലേക്ക് ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് ഒഴുകിയെത്തുന്നത്. കൊവിഡ്‌ പ്രതിസന്ധി മൂലം ടൂറിസം മേഖലയ്ക്ക് ഉണ്ടായ ആഘാതം മറികടക്കാനായാണ് ഉത്തരാഖണ്ഡ് സർക്കാർ വാലി ഓഫ് ഫ്ലവേഴ്സിലേക്ക് സന്ദർശകരെ അനുവദിക്കാൻ തീരുമാനിച്ചത്. പുഷ്പവതി നദിക്ക് സമീപമായാണ് വാലി ഓഫ് ഫ്ലവേഴ്സ് സ്ഥിതി ചെയ്യുന്നത്.

എല്ലാ വർഷവും ജൂൺ 1 നാണ് സന്ദർശകർക്കായി വാലി ഓഫ് ഫ്ലവേഴ്സ് തുറന്ന് കൊടുക്കുന്നത്. ഉത്തരാഖണ്ഡിലെ കൊവിഡ്‌ സാഹചര്യം കണക്കിലെടുത്ത് ഇത് ജൂലൈ 1 ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കു. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ്‌ മാനദണ്ഡങ്ങൾ സഞ്ചാരികൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.

ആൽപൈൻ പുഷ്പങ്ങളാൽ വേറിട്ട് നിൽക്കുന്ന വാലി ഒഫ് ഫ്ലവേഴ്സിലെ മറ്റ് സസ്യജന്തുജാലങ്ങൾ വളരെ അപൂർവവും വൈവിധ്യമേറിയതുമാണ്. കസ്തൂരിമാൻ, ഹിമപ്പുലി, ചുവന്ന കുറുക്കൻ, പറക്കും അണ്ണാൻ, ഹിമാലയൻ കരടി തുടങ്ങിയ ഇനം ജീവികളെ ഇവിടെ കാണാൻ സാധിക്കും. സമുദ്രനിരപ്പിൽ നിന്ന് 6,234 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാലി ഒഫ് ഫ്ലവേഴ്സ് നന്ദാദേവി നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

ഓർക്കിഡ്, പോപ്പി, പ്രിംറോസ്, ജമന്തി, ഡേയ്സി തുടങ്ങിയ 300 ലേറെ സ്പീഷീസ് പൂക്കളാൽ നിറഞ്ഞ് സ്വർഗീയ കാഴ്ചയൊരുക്കുന്ന വാലി ഒഫ് ഫ്ലവേഴ്സിൽ ഹിമാലയൻ നിരകളോട് ചേർന്ന് ബർച്, റോഡോഡെൻഡ്രോൺ, പൈൻ തുടങ്ങിയ വിവിധ മരങ്ങളാലും സുലഭമാണ്. നന്ദാദേവി ബയോസ്ഫിയർ റിസേർവിന്റെ പരിധിയിൽ വരുന്ന വാലി ഒഫ് ഫ്ലവേഴ്സ് 87 ചതുരശ്ര കിലേമീറ്ററിലധികം ഭൂപ്രദേശത്ത് വ്യാപിച്ചിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here