പരുക്ക്; കുശാൽ പെരേര ഇന്ത്യക്കെതിരെ കളിച്ചേക്കില്ല

ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങളിൽ മുതിർന്ന ശ്രീലങ്കൻ താരം കുശാൽ പെരേര കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. വേദനസംഹാരി ഇഞ്ചക്ഷനുകളെടുത്താണ് അദ്ദേഹം കഴിയുന്നതെന്നും ഇന്ത്യക്കെതിരെ താരം കളിച്ചേക്കില്ലെന്നും ശ്രീലങ്കൻ ക്രിക്കറ്റ് പ്രതിനിധി അറിയിച്ചു. തോളിനു പരുക്കേറ്റ താരം കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിൽ ശ്രീലങ്കയെ നയിച്ച കുശാൽ പെരേര ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിൽ ഒരാളാണ്. താരം ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ ശ്രീലനൻ ബാറ്റിംഗ് നിര വളരെ ദുർബലമാകും. ഇംഗ്ലണ്ടിൽ വച്ച് ബയോ ബബിൾ നിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ കുശാൽ മെൻഡിസ്, ധനുഷ്ക ഗുണതിലക, നിറോഷാൻ ഡിക്ക്‌വെല്ല എന്നീ താരങ്ങൾ സസ്പൻഷനിലാണ്. ഇവർക്കൊപ്പം കുശാൽ പെരേര കൂടി പുറത്തായാൽ ശ്രീലങ്കൻ ടീമിൻ്റെ കോർ തന്നെ നഷ്ടമാവും.
ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 18നാണ് പരമ്പര ആരംഭിക്കുക. വരും ദിവസങ്ങളിൽ തന്നെ ടീം പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.
ജൂലൈ 18 നാണ് പര്യടനം ആരംഭിക്കുക. 13നാണ് മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
Story Highlights: Kusal Perera doubtful for India series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here