ഉത്തര കടലാസുകള്‍ കാണാനില്ല; വിദ്യാര്‍ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് എം.ജി. സർവകലാശാല

എം.ജി. സർവകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബി.കോം. വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ കാണാനില്ല. മൂല്യ നിർണയത്തിനായി അധ്യാപകനെ ഏൽപ്പിച്ച 20 വിദ്യാർത്ഥികളുടെ ഉത്തര കടലാസാണ് കാണാതായത്. തൊടുപുഴ ന്യുമാൻ കോളേജിലെ വിദ്യാർത്ഥികൾക്കാണ് എം.ജി. സർവകലാശാലയിൽ നിന്നുള്ള ദുരനുഭവം.
ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ അഞ്ചാം സെമസ്റ്റർപരീക്ഷയുടെ ഫലം വന്നപ്പോൾ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സർവകലാശാലയിൽ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തര കടലാസ്സ് കാണാനില്ലെന്ന് അരിഞ്ഞത്. പരിഭ്രാന്തരായ വിദ്യാർഥികൾ തുടർന്ന് കോളേജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യ നിർണയത്തിനായി അധ്യാപകനെ ഏൽപ്പിച്ച ഉത്തര കടലാസുകൾ ആണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായത്. വീണ്ടും പരീക്ഷ എഴുതിയാൽ മാത്രമേ ഫലം പ്രസിദ്ധീകരിക്കുവെന്ന് സർവകലാശാല അധികൃഡ് വിദ്യാർത്ഥികളെ അറിയിച്ചു.
എന്നാൽ വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ചിരിക്കുകയാണ്. സർവകശാലായുമായി ബന്ധപ്പെട്ട് വീണ്ടും രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയെന്നും ഇതിന് ഫീസ് ഈടാക്കില്ലെന്നും കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായതിനാൽ ഇന്‍റേണൽ മാർക്ക് അടിസ്ഥാനമാക്കി മൂല്യനിർണയം നടത്തണമെന്നും വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടി വേണമെന്നുമുള്ള നിലപാടിലാണ് വിദ്യാർത്ഥികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here