ഋഷഭ് പന്തിന്റെ കൊവിഡ് ബാധ; വൃദ്ധിമാൻ സാഹയും മറ്റ് രണ്ട് പേരും ക്വാറന്റീനിൽ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബാക്കപ്പ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്വാറൻ്റീനിൽ പ്രവേശിച്ചു. സാഹയ്ക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ബാക്കപ്പ് ഓപ്പണർ അഭിമന്യു ഈശ്വരൻ എന്നിവരും ക്വാറൻ്റീനിൽ പ്രവേശിച്ചിട്ടുണ്ട്. നേരത്തെ, പന്തിനും ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഈ അഞ്ച് താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ പരിശീലന മത്സരത്തിനായി ഡറമിലേക്ക് പോയത്.
ദയാനന്ദ് ഗരാനിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരാണ് സാഹ അടക്കമുള്ള മൂന്ന് പേർ. ഇവർക്ക് പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്ച ഇവർക്ക് ഒന്നുകൂടി കൊവിഡ് പരിശോധന നടത്തും, ഇതിൽ നെഗറ്റീവ് ആയാൽ ഇവർ തിങ്കളാഴ്ച ഡറമിൽ ടീമിനൊപ്പം ചേരും.
അതേസമയം, ടെസ്റ്റ് പരമ്പരയിൽ കർശന ബയോ ബബിൾ നിബന്ധനകൾ ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സിഇഓ ടോം ഹാരിസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീം അംഗമായ ഋഷഭ് പന്ത് ഉൾപ്പെടെ ക്യാമ്പിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. ഇംഗ്ലണ്ട് ടീം അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here