പരാക്രമം കുട്ടികളോട്; കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ തടയാം

കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്നുവെന്ന വാർത്തകൾ നമ്മളെ ഏവരെയും വളരെയധികം വിഷമിപ്പിച്ച ഒന്നായിരുന്നു. ഈ കാലഘട്ടത്തിൽ മറ്റ് എല്ലാ കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവെങ്കിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമവും ഗാർഹിക പീഡനവും വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എങ്ങനെ തടയാം എന്ന് നോക്കാം.
ഏകദേശം 90 ശതമാനതിലധികം പീഡനങ്ങളും കുട്ടികൾ അനുഭവിക്കുന്നത് അവർക്ക് പരിചയമുള്ള ആളുകളിൽ നിന്ന് തന്നെയാണ്. അതിനാൽ കുട്ടികളെ സംരക്ഷിക്കേണ്ട അധിക ബാധ്യത മാതാപിതാക്കൾക്കാണ്. കുട്ടികൾ ആരെ വിശ്വസിക്കണം എന്നറിയാൻ പാടില്ലാത്ത അവസ്ഥയാണിത്. അവരെ സംരക്ഷിക്കേണ്ടവർ തന്നെ അവർക്ക് വിനയായി തീരുമ്പോൾ ആരെ അവർ ആശ്രയിക്കും.
കുട്ടികൾക്കും അവകാശമുണ്ട്
പലപ്പോഴും വീടുകളിൽ മറന്ന് പോകുന്ന ഒരു വസ്തുതയാണ് കുട്ടികളുടെ അവകാശങ്ങൾ. തങ്ങളുടെ ശരീരത്തിലും മനസിലും അവർക്ക് അവകാശമുണ്ടെന്ന കാര്യം ചെറുപ്പം മുതലേ അവരെ പഠിപ്പിച്ചെടുക്കുക. വളരാനും പഠിക്കുവാനും സംരക്ഷിക്കപ്പെടുവാനും ജീവിക്കാനുമുള്ള അവകാശം അവർക്കും ഉണ്ടെന്നുള്ള കാര്യം വീടുകളിലും പാഠ്യ വിഷയങ്ങളിൽ ഉൾപ്പെടുത്തിയും അവരെ പഠിപ്പിച്ചെടുക്കണം.
ബോധവത്ക്കരണ ക്ലാസുകൾ
കുട്ടികൾക്ക് പ്രായത്തിന് അനുസൃതമായിട്ടുള്ള ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടത് പ്രധാനമാണ്. ഇത് മൂന്ന് വയസ് മുതൽ കൊടുത്ത് തുടങ്ങാവുന്നതാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നുള്ളത്. അസ്വഭാവികത ഉണ്ടായാൽ ആരെ സമീപിക്കണം എന്നിവയൊക്കെ. മാതാപിതാക്കളിൽ നിന്നോ ഉറ്റ ബന്ധുക്കളിൽ നിന്നോ ലൈംഗീക അതിക്രമം ഉണ്ടായാൽ, അവർ ബന്ധപ്പെടേണ്ട ശിശു ക്ഷേമ വകുപ്പിന്റെയും പൊലീസിന്റെയും മറ്റും നമ്പറുകൾ അവരെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ശിക്ഷിക്കുകയല്ല ശിക്ഷണം
കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കൽ അല്ല അച്ചടക്കം ശീലിപ്പിക്കാനുള്ള മാർഗമെന്ന് തിരിച്ചറിയുക. കുട്ടികളുടെ നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിച്ചും മോശം ശീലങ്ങളെ നിരുത്സാഹപ്പെടുത്തിയും മറ്റും വേണം ശിക്ഷണം തുടങ്ങാൻ. ഇതിനായി മാതാപിതാക്കൾ സ്വയം വിലയിരുത്തുക. കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത് മാത്രമല്ല ബാല പീഡനം. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഉപേക്ഷകൾ കൊണ്ടും കുട്ടികളുടെ മനസിനെ പ്രഹരിക്കുന്നത് എന്തും ഇതിൽപ്പെടും. അതിനാൽ സ്വയം തിരച്ചിരിഞ്ഞ് മാറാൻ ശ്രമിക്കുക.
ആരെ വിശ്വസിക്കാം
ആരെ വിശ്വസിക്കണം എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക. ഒരു പ്രശ്നം ജീവിതത്തിൽ വരുമ്പോൾ അത് തുറന്ന് പറയാനുള്ള ഒരു സാവകാശം അവർക്കുണ്ടാകണം എന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അത് വന്ന് പറയാനുള്ള ഒരു സ്വാതന്ത്ര്യവും അവസരവും കുട്ടികൾക്ക് മാതാപിതാക്കൾ നൽകണം. കുട്ടികൾ പറയുന്നതിനെ വിമർശനാത്മകമായി കാണാതെ അതിനെ ശ്രദ്ധയോടെ കേൾക്കാനുള്ള ക്ഷമ മാതാപിതാക്കൾ കാണിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ പ്രശ്നങ്ങൾ വീടുകളിൽ തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകണം. അവരോട് അഭിപ്രായങ്ങളും ചോദിക്കണം. അത് പോലെ തന്നെ അവരുടെ നിലപാടുകളും ചോദിച്ചറിയുക.
വെക്കേഷൻ കുരുക്കാവാതെ ശ്രദ്ധിക്കുക
പല ബാല പീഡനങ്ങളും നടക്കുന്നത് വെക്കേഷൻ സമയത്താണ്. ബന്ധു വീടുകളിൽ പോകുമ്പോൾ നിങ്ങളുടെ കുട്ടികൾ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുക. സ്ത്രീകളെ ബഹുമാനിക്കാൻ വളരെ ചെറുപ്പത്തിൽ തന്നെ ആൺകുട്ടികളെ പഠിപ്പിച്ചെടുക്കുക.
സമൂഹത്തിനും കടപ്പാടുണ്ട്
ബാല പീഡനങ്ങൾ അധികാരികളെ അറിയിക്കേണ്ടതും ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതുമായ കടപ്പാട് സമൂഹത്തിനുണ്ട്. സാധാരണ ഗതിയിൽ മൂല്യ ബോധമുള്ള കുടുംബങ്ങളിൽ ഇത്തരം സംഭവങ്ങൾ ചുരുക്കമാണെങ്കിലും അട്രിസ് പോപ്പുലേഷൻ എന്നൊരു വകഭേദമുണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളിൽ, ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഏതൊക്കെയാണ് ഈ അട്രിസ് പോപുലേഷൻ എന്ന് നോക്കാം;
- സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ ഉള്ളവർ
- ലഹരിക്കും മദ്യത്തിനും അടിമയായ മാതാപിതാക്കൾ ഉള്ളവർ
- മറ്റ് ഗാർഹിക പ്രശ്നങ്ങൾ ഉള്ളവർ
- കുടുംബത്തിൽ സ്ത്രീകൾ മാത്രമുള്ളവർ
- സിംഗിൾ പാരന്റിങ് ഉള്ളവർ
ഇത്തരം കുടുംബങ്ങൾ നിങ്ങളുടെ സമൂഹത്തിൽ ഉണ്ടോ എന്ന് മനസിലാക്കി അവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സമൂഹ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്‌ധ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here