Advertisement

ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ ലോകം പുലര്‍ത്തുന്ന നിസ്സംഗതയുടെ ഇര; എംഎ ബേബി

July 18, 2021
Google News 1 minute Read

അഫ്ഗാനിസ്ഥാനില്‍ ലോകം പുലര്‍ത്തുന്ന നിസ്സംഗതയുടെ ഇരയാണ് കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരും താലിബാനും മാത്രമാണ് കൊലപാതകത്തെ അപലപിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം

കുറിപ്പിന്റെ പൂര്‍ണരൂപം;

‘യുവ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അഗാധമായ ദുഃഖമാണ് എനിക്കുണ്ടായത്. അഫ്ഗാനിസ്ഥാനില്‍ ലോകം പുലര്‍ത്തുന്ന നിസ്സംഗതയുടെ ഇരയാണ് തന്റെ പ്രൊഫഷനോട് സമര്‍പ്പിത ജീവിതം നയിച്ച ഈ അസാധാരണ പ്രതിഭാശാലി. അഫ്ഗാനിസ്ഥാനിലെ പുരോഗമന ജനകീയ ഗവണ്മന്റിനെയും അതിനു സോവിയറ്റ് യൂണിയന്‍ ഉള്‍പ്പടെ, അന്നു സുശക്തമായിരുന്ന സോഷ്യലിസ്റ്റ് കൂട്ടായ്മയോട് നിലനിന്നിരുന്ന സൗഹാര്‍ദ സഹകരണങ്ങളെയും തകര്‍ക്കുക എന്നത് ആഗോളസാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു.
ഇതിന്റെ ഭാഗമായി അമേരിക്ക ആരംഭിച്ച കടന്നു കയറ്റത്തിന്റെ ഇരയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ന്. ഇതിനുവേണ്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം കുത്തിവച്ച് അമേരിക്ക ആദ്യം താലിബാനെ വളര്‍ത്തി. പിന്നെ നേരിട്ട് സൈന്യത്തെ അയച്ചു ഇടപെടുകയും ഭരണം തന്നെ ഏറ്റെടുക്കുകയും ചെയ്തു. അനന്തമായ അധിനിവേശം ലാഭകരമല്ലെന്നു കണ്ട് സൈന്യത്തെ പിന്‍വലിച്ചപ്പോള്‍ വീണ്ടും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ താലിബാന് മുന്നിലേക്ക് നിര്‍ദ്ദയം വലിച്ചെറിയുകയാണ് അമേരിക്ക ചെയ്തത്. പാകിസ്ഥാനിലെ അമേരിക്കന്‍ പക്ഷ ഭരണകൂടവും താലിബാന് കുടപിടിക്കുന്നു. അസാധാരണമായ ഒരു അവസ്ഥയിലേക്കാണ് അവിടത്തെ ജനങ്ങള്‍ വന്നു വീണിരിക്കുന്നത്.

ഈ മനുഷ്യാവസ്ഥയുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് മനുഷ്യദുഖങ്ങളുടെ ചിത്രകാരനായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ എത്തിയത്. അവിടെ വച്ച് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
ലോകം മുഴുവന്‍ ഈ കൊലയെ അപലപിച്ചു. ഇന്ത്യയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരും താലിബാനും ഒഴികെ, ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ ഈ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ചിന്തയെയും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെയും പേടിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഡാനിഷ് സിദ്ദിഖി എന്ന, പുലിസ്റ്റര്‍ പുരസ്‌കാരം നേടിയ ഏക ഇന്ത്യന്‍ പൗരന്റെ അകാലനിര്യാണത്തില്‍, അതും ഫോട്ടോ എടുക്കുന്നതിനിടയിലുള്ള ദാരുണ മരണത്തില്‍ ദുഖിക്കാതിരിക്കുന്നത്, മോഡി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാത്തതല്ലെങ്കിലും പ്രതിഷേധാര്‍ഹമാണ്.

Story Highlights: danish siddiqui, MA baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here