Advertisement

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ജനാധിപത്യത്തിന്റെ അട്ടിമറിക്കലെന്ന് ഇടത് എംപിമാര്‍

July 19, 2021
Google News 2 minutes Read
binoy viswam MP and AM arif MP

രാജ്യത്തെ ഫോണ്‍ ചോര്‍ത്തല്‍ വിഷയം ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എ എം ആരിഫ് എംപി. ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എ എം ആരിഫ് ട്വന്റിഫോറിനോട് പറഞ്ഞു.

‘തങ്ങള്‍ക്കെതിരായ വ്യക്തികളുടെയും പ്രതിപക്ഷ നീക്കങ്ങളെയും ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏകാധിപത്യ ഭരണം നടത്താനുള്ള വെപ്പണ്‍ ആണ് ഇപ്പോഴുണ്ടായിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍. ഇത് ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മന്ത്രിസഭ പുനസംഘടന പോലും, തങ്ങളുടെ വരുതിയില്‍ നിക്കാത്തവരെ ഒഴിവാക്കലാണ്. ജനാധിപത്യത്തിന്റെ പൊളിച്ചെഴുത്താണ് നരേന്ദ്രമോദിയും അമിത് ഷായും ചേര്‍ന്ന് നടത്തുന്നത്’. എം പി വ്യക്തമാക്കി.

അതേസമയം, പൗരന്മാരുടെ സ്വകാര്യതാ ലംഘനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വെള്ളപൂശുകയാണെന്ന് ബിനോയ് വിശ്വം എംപി ട്വന്റിഫോറിനോട് പ്രതികരിച്ചു. ‘ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം പേരുകള്‍ പുറത്തുവരാനുണ്ട്. എല്ലാത്തിനെയും ഭയപ്പെടുന്ന, എല്ലാവരെയും സംശയിക്കുന്ന സര്‍ക്കാരാണ് ഇവിടുള്ളത്. അത്തരത്തിലുള്ളവര്‍ ഫാസിറ്റ് ആശയത്തിന്റെ വഴി സ്വന്തം വഴിയായി ഏറ്റെടുത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പേരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ വന്നതിനെ ‘വാളെടുത്തവന്‍ വാളാല്‍’ എന്നാണ് ബിനോയ് വിശ്വം വിശേഷിപ്പിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കാനാവാത്തതാണെന്ന് സുപ്രിംകോടതി പലതവണ വ്യക്തമാക്കിയതാണ്. സ്വകാര്യത ലംഘനങ്ങളെ വെള്ളപൂശുന്ന കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം ഇന്ത്യന്‍ പൗരന്മാര്‍ എന്നും അരക്ഷിതരാണ്’. എംപി പറഞ്ഞു.

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി, കമ്മിഷണര്‍ അശോക ലവാസ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേല്‍, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീണ്‍ തോഗാഡിയ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ദി വയറാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 2018,19 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന അലേര്‍ട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

Story Highlights: pegasus spyware, A M arif, Binoy viswam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here