പാകിസ്താനെതിരെ ലിവിങ്സ്റ്റണിന്റെ പടുകൂറ്റൻ സിക്സ്; പന്ത് വീണത് 122 മീറ്റർ അകലെ

പാകിസ്താനെതിരായ രണ്ടാം ടി-20യിൽ പടുകൂറ്റൻ സിക്സറുമായി ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ. പന്ത് വീണത് 121.96 മീറ്റർ അകലെയാണ് എന്നാണ് റിപ്പോർട്ടുകൾ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സറുകളിൽ ഒന്നാണ് ഇത്. ഇംഗ്ലണ്ട് ഇന്നിംഗ്സിൻ്റെ 16ആം ഓവറിലാണ് സിക്സർ പിറന്നത്.
ഹാരിസ് റൗഫിനെതിരെ ഓവറിലെ ആദ്യ പന്തിലായിരുന്നു ലിവിങ്സ്റ്റണിൻ്റെ പടുകൂറ്റൻ സിക്സർ. ഓഫ് സ്റ്റമ്പിൽ വന്ന ഒരു ഹാഫ് വോളി ക്ലീൻ ഹിറ്റിലൂടെ ലിവിങ്സ്റ്റൺ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് പറത്തുകയായിരുന്നു. ഉയർന്നുപൊങ്ങിയ പന്ത് ഹെഡിംഗ്‌ലി സ്റ്റേഡിയത്തിനു പുറത്ത് പതിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബാറ്റ്സ്മാൻ സ്ട്രൈറ്റ് ബൗണ്ടറിയിലൂടെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിനു പുറത്തേക്ക് പന്ത് അടിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സരത്തിൽ ലിവിങ്സ്റ്റൺ 23 പന്തുകളിൽ 38 റൺസെടുത്ത് പുറത്തായി.
മത്സരത്തിൽ ഇംഗ്ലണ്ട് കൂറ്റൻ ജയം കുറിച്ചിരുന്നു. 45 റൺസിനായിരുന്നു ജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 201 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താന് 155 റൺസ് മാത്രമാണ് നേടാനായത്. ജോസ് ബട്‌ലർ (59), മൊയീൻ അലി (36) എന്നിവർ ഇംഗ്ലണ്ടിനായി തിളങ്ങിയപ്പോൾ മുഹമ്മദ് റിസ്‌വാൻ (37), ഷദബ് ഖാൻ (36), ബാബർ അസം (22) എന്നിവർ പാകിസ്താനു വേണ്ടിയും മികച്ച പ്രകടനം നടത്തി. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. ആദ്യ മത്സരത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.
Story Highlights: liam livingston huge six vs pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here