പെഗാസെസ് ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന് എതിരെ സുപ്രധാന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍

ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസെസ് ചോര്‍ത്തിയത് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രധാന വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍. മലയാളികളുടെ പേരും ലിസ്റ്റിലുണ്ട്. 40 മാധ്യമപ്രവര്‍ത്തകരെ കൂടാതെ കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും, സുപ്രിം കോടതി ജഡ്ജിമാരുടെയും, ആര്‍എസ്എസ് നേതാക്കളുടെയും ഫോണും പെഗാസെസ് ചോര്‍ത്തി. അതേസമയം ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത് രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു. ദി വയറിന് വേണ്ടി ആയിരുന്നു രോഹിണിയുടെ അന്വേഷണം. രോഹിണിയുടെ ഫോണ്‍ ചേര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഉണ്ട്.
റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിന്റെ ഭാഗമായ സുശാന്ത് സിംഗിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു. ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയിലുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിനെതിരായി സുപ്രധാന വാര്‍ത്തകള്‍ പുറത്തുവിട്ടവരാണ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇസ്രായേല്‍ കമ്പനി ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍.
ഇവരുടെ പേരുവിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തെത്തും. വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എന്‍എസ്ഒ ആണ് ഇന്ത്യയില്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിക്കൊടുത്തത്. ഒരു സ്വകാര്യ ഏജന്‍സിക്കും തങ്ങള്‍ ചാരപ്പണി നടത്തിക്കൊടുക്കാറില്ലെന്ന് വ്യക്തമാക്കിയ കമ്പനി ഇന്ത്യയില്‍ ആരാണ് തങ്ങളെ ഈ ജോലി ഏല്‍പിച്ചതെന്ന് പറയാനും തയാറായില്ല. ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ എന്ന പാരിസിലെ മാധ്യമസ്ഥാപനവും ആംനസ്റ്റി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ചാരപ്പണിക്കിരയായവരുടെ വ്യക്തിവിവരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരണത്തിന് നല്‍കിയത്.
അതേസമയം പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ശക്തമായ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് വ്യക്തമാക്കിയത്.
Story Highlights: Pegasus, Phone tapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here