Advertisement

പീഡന പരാതിയില്‍ കേസെടുത്ത് കുണ്ടറ പൊലീസ്; നടപടി മന്ത്രിയുടെ ഇടപെടല്‍ വിവാദമായതോടെ

July 20, 2021
Google News 1 minute Read
kundara rape case ak saseendran ncp PHONE CALL ALLEGATION

എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുള്ള പീഡന പരാതിയില്‍ എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മന്ത്രി എ കെ ശശീന്ദ്രന്‍ വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് പൊലീസിന്റെ ഇടപെടല്‍. പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

അതേസമയം വിവാദമായ ഫോണ്‍ കോള്‍ വിഷയത്തില്‍ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read Also: പാര്‍ട്ടി പ്രശ്‌നമെന്ന് കരുതിയാണ് ഇടപെട്ടത്; ഫോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി എ കെ ശശീന്ദ്രന്‍

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി ആരോപിച്ചു

Story Highlights: kundara rape case, AK saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here