മികച്ച ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക; ഇന്ത്യക്ക് 276 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണ് ശ്രീലങ്ക നേടിയത്. 65 റൺസ് നേടിയ ചരിത് അസലങ്കയാണ് സിംഹളരുടെ ടോപ്പ് സ്കോറർ. അവിഷ്ക ഫെർണാണ്ടോ (50), ചമിക കരുണരത്നെ (44 നോട്ടൗട്ട്) എന്നിവരും ശ്രീലങ്കക്കായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും യുസ്‌വേന്ദ്ര ചഹാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഏകദിനത്തിൽ ലഭിച്ചത്. ഫെർണാണ്ടോയും മിനോദ് ഭാനുകയും ചേർന്ന് ആദ്യ വിക്കറ്റിൽ 77 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 14ആം ഓവറിൽ യുസ്‌വേന്ദ്ര ചഹാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 റൺസ് നേടിയ മിനോദ് ഭാനുകയെ മനീഷ് പാണ്ഡെ പിടികൂടി. ഓവറിലെ അടുത്ത പന്തിൽ ഭാനുക രാജപക്സയും (0) പുറത്ത്. രാജപക്സയെ ഇഷാൻ കിഷൻ പിടികൂടുകയായിരുന്നു.
Read Also: അവിഷ്ക ഫെർണാണ്ടോയ്ക്ക് ഫിഫ്റ്റി; ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ
മൂന്നാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയെ കൂട്ടുപിടിച്ച് അവൊഷ്ക ഫെർണാണ്ടോ ശ്രീലങ്കൻ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ, 25ആം ഓവറിൽ ഭുവി പരമ്പരയിലെ തൻ്റെ ആദ്യ വിക്കറ്റായി അവിഷ്കയെ മടക്കി. ഫിഫ്റ്റിക്ക് പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച താരത്തെ കൃണാൽ പാണ്ഡ്യ പിടികൂടുകയായിരുന്നു. 28ആം ഓവറിൽ ധനഞ്ജയ ഡിസിൽവയും മടങ്ങി. 32 റൺസെടുത്ത താരത്തെ ദീപക് ചഹാർ ശിഖർ ധവാൻ്റെ കൈകളിൽ എത്തിച്ചു.
ക്യാപ്റ്റൻ ദാസുൻ ശനക (16), വഹിന്ദു ഹസരങ്ക (8) എന്നിവർ യഥാക്രമം ചഹാലിൻ്റെയും ചഹാറിൻ്റെയും പന്തുകളിൽ മടങ്ങി. എന്നാൽ പങ്കാളികളെ നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴും നന്നായി ബാറ്റ് ചെയ്ത ചരിത് അസലങ്ക ഇതിനിടെ ഏകദിനത്തിലെ തൻ്റെ ആദ്യ ഫിഫ്റ്റി തികച്ചു. കരുണരത്നെയുമായി ചേർന്ന് ഏഴാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്ത അസലങ്ക 48ആം ഓവറിൽ മടങ്ങി. അസലങ്കയെ ഭുവനേശ്വർ കുമാർ ദേവ്ദത്ത് പടിക്കലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ദുഷ്മന്ത ചമീരയെയും (2) ഭുവി തന്നെ മടക്കി. ലക്ഷൻ സങ്കടൻ (0) റണ്ണൗട്ടായി. അവസാന ഓവറുകളിൽ തുടർച്ചയായി ബൗണ്ടറി നേടിയ ചമിക കരുണരത്നെയാണ് ശ്രീലങ്കയെ മികച്ച സ്കോറിൽ എത്തിച്ചത്. 33 പന്തുകളിൽ നിന്നാണ് കരുണരത്നെയുടെ ഇന്നിംഗ്സ്.
Story Highlights: srilanka scored 276 runs india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here