Advertisement

ട്രാന്‍സ് യുവതി അനന്യയുടെ മരണം; ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ തെളിവെടുപ്പ് നടത്തി

July 21, 2021
Google News 1 minute Read
ananya kumari alex

എറണാകുളം ഇടപ്പള്ളിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിന്റെ ( ananya kumari alex ) മരണത്തില്‍ പൊലീസ് തെളിവെടുത്തു. ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലെത്തിയാണ് തെളിവെടുത്തത്. ഫൊറന്‍സിക് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു.

അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് അലക്‌സാണ്ടര്‍ രംഗത്തെത്തി. മകളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. അനന്യ തന്റെ ചികിത്സാ പിഴവ് സംബന്ധിച്ച് പലതവണ അധികൃതരോട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് പിതാവ് ഉന്നയിച്ചത്. മുന്‍പ് രണ്ട് തവണ പരാതിയുമായി ആശുപത്രിയില്‍ എത്തിയെങ്കിലും പിആര്‍ഒ അനന്യയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. മരണത്തിന് മുന്‍പ് താനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അനന്യ ആരോഗ്യ പ്രശ്‌നങ്ങള്‍ പങ്കുവച്ചെങ്കിലും താന്‍ മുന്നോട്ട് ജീവിച്ചുകാണിക്കുമെന്നാണ് പറഞ്ഞിരുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് അനന്യയെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അനന്യയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം ജൂലൈ 23 ന് നടക്കും.

Read Also: അനന്യയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്, 23ന് ട്രാന്‍സ്‍ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ. അര്‍ജുന്‍ അശോകാണ് അനന്യയുടെ സര്‍ജറി ചെയ്തതെന്ന് സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു.
അതിനിടെ അനന്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. റിനൈ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ അനന്യയുടെ സുഹൃത്തുക്കള്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്.

Story Highlights: ananya kumari alex

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here