‘ഇന്ത്യൻ ടീമിന്റെ’ കളി കണ്ട് ഇന്ത്യൻ താരങ്ങൾ; ആവേശക്കാഴ്ചയുടെ വിഡിയോ പങ്കുവച്ച് ബിസിസിഐ

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ആവേശജയം നേടിയ ഇന്ത്യൻ ടീമിന് പിന്തുണയുമായി ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം. കൗണ്ടി ഇലവനെതിരായ പരിശീലന മത്സരം കളിക്കുന്ന താരങ്ങൾ ശ്രീലങ്കക്കെതിരായ മത്സരം വീക്ഷിച്ചാണ് ആവേശജയത്തിൽ പങ്കാളിയായത്. ഡ്രസിംഗ് റൂമിലും ടീം ബസിലും ഡൈനിങ് റൂമിലും ഹോട്ടൽ ലോബിയിലുമൊക്കെയിരുന്ന് താരങ്ങൾ ബി ടീമിൻ്റെ പ്രകടനം കണ്ടു. ഇതിൻ്റെ വിഡിയോ ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.
അവസാന രണ്ട് ഓവറിൽ 15 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 49ആം ഓവറിൽ 12 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ ആദ്യ പന്തിൽ ജയം കുറിച്ചു. 84 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് 8ആം വിക്കറ്റിൽ ദീപക് ചഹാർ-ഭുവനേശ്വർ കുമാർ സഖ്യം പടുത്തുയർത്തിയത്. ചഹാർ (69), ഭുവനേശ്വർ (19) എന്നിവർ പുറത്താവാതെ നിന്നു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിൻ്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിലാണ്. 101 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ 75 റൺസ് നേടി പുറത്തായി. കൗണ്ടി ഇലവനായി ക്രെയ്ഗ് മൈൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: india main team watching b team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here