Advertisement

‘സങ്കടം തോന്നും, പക്ഷേ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കണം’; സിനിമയെ സ്വപ്‌നം കാണുന്നവർക്ക് പ്രചോദനമായി കിരൺ പീതാംബരൻ

July 21, 2021
3 minutes Read
kiran peethambaran

Kiran Peethambaran/Rathi V.K

സ്വപ്‌നം കാണുക, അതിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുക, ഒടുവിൽ എത്തിപ്പിടിക്കുക. സിനിമയെ അത്രമേൽ നെഞ്ചോട് ചേർത്ത കിരൺ പീതാംബരന് ഇത് സ്വപ്‌നസാക്ഷാത്ക്കാരമാണ്. മാലിക്ക് പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോൾ കിരണിനും അഭിമാനിക്കാം. ചിത്രത്തിൽ നിർണായക കഥാപാത്രമായ സി.ഐ രാജശേഖരനെ അവതരിപ്പിച്ചത് കിരണാണ്. നായാട്ടിലും മികച്ച വേഷം ചെയ്യാൻ ഈ കൊല്ലംകാരന്‌ സാധിച്ചു. ഇനി ഇറങ്ങാനുള്ളതും ശ്രദ്ധേയരായ സംവിധായകരുടെ ചിത്രങ്ങളാണ്. ഗപ്പിയിലെ ‘മരിച്ച് പടമായ’ കഥാപാത്രത്തിൽ തുടങ്ങി മലയൻകുഞ്ഞ് വരെ നീളുന്ന സിനിമാ ജീവിതം ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ് കിരൺ. സിനിമയെ സ്വപ്‌നം കാണുന്നവർക്ക് പ്രചോദനമാണ് കിരണിന്റെ ജീവിതം.

മാലിക്കിൽ സി.ഐ രാജശേഖരനായി കിരൺ പീതാംബരൻ

സിനിമയെ സ്വപ്‌നം കണ്ട് തുടങ്ങിയത്

കോഴിക്കോട് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ മനസിൽ സിനിമയുണ്ട്. പക്ഷേ അത് കുറച്ചു സീരിയസ് ആകുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. പത്തനംതിട്ട കോന്നി എസ്. എൻ കോളജിൽ ബിബിഎ ചെയ്യുന്ന സമയത്ത് നേരം പോക്കിന് തുടങ്ങിയതായിരുന്നു മിമിക്രി. കൂടെ പഠിക്കുന്നവരേയും അധ്യാപകരേയുമെല്ലാം അനുകരിച്ചിരുന്നു. ഈ മേഖലയിലേയ്ക്ക് വരാൻ പ്രചോദനമായത് അന്ന് അവിടെ ഇംഗ്ലീഷ് ലെക്ചററായി ഉണ്ടായിരുന്ന സത്യനാരായണൻ സാറാണ്. കൂട്ടുകാർക്കിടയിൽ അദ്ദേഹത്തെ ഞാൻ അനുകരിക്കുമായിരുന്നു. അത് സാറിന് അറിയില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ ഒരിക്കൽ സാറത് റെക്കോർഡ് ചെയ്ത് വീട്ടുകാരെ കാണിച്ചു. എനിക്ക് അത് അത്ഭുതമായി. ആളുകൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് അറിഞ്ഞതോടെ കൂടുതൽ മെച്ചപ്പെടുത്താൻ താത്പര്യം വന്നു. സുഹൃത്തുക്കളും കട്ടയ്ക്ക് കൂടെ നിന്നു. അങ്ങനെ അത്തവണത്തെ കോളജ് ഡേയ്ക്ക് മിമിക്രി അവതരിപ്പിച്ചു. അധ്യാപകരെയാണ് അനുകരിച്ചത്. അന്ന് പ്രോത്സാഹന സമ്മാനമൊക്കെ ലഭിച്ചു. സത്യം പറഞ്ഞാൽ ആ ബിബിഎ ബാച്ചാണ് എന്റെ സ്വപ്‌നങ്ങൾക്ക് നിറംപകർന്നത്.

കിരൺ പീതാംബരൻ നായാട്ടിൽ

സിനിമാ സുഹൃത്തുക്കൾ

എംബിഎയ്ക്ക് പഠിക്കുന്ന സമയം കൂടെ കൂടിയ ഹർഷദ് അലി വഴിയാണ് സിനിമാ മേഖലയുമായി അടുക്കുന്നത്. കൊച്ചിയിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നു. ആ സമയത്ത് ഹർഷദിനെ കാണാൻ വലിയ പെരുന്നാളിന്റെ സംവിധായകൻ ഡിമൽ ഡെന്നീസ്, സൈജു ശ്രീധരൻ, അയജ് മേനോൻ, സമീർ താഹിർ ഇവരൊക്കെ വരുമായിരുന്നു. അവരുടെ കരിയറിന്റെ തുടക്കക്കാലമായിരുന്നു അത്. എനിക്കാണെങ്കിൽ അവരെയൊന്നും പരിചയമുണ്ടായിരുന്നില്ല. പിന്നീട് ഡിമലും സൈജു ശ്രീധറുമായെല്ലാം കൂടുതൽ അടുക്കുകയും അവരോട് എന്റെ സിനിമാ സ്വപ്‌നങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 2007 കാലഘട്ടമാണത്. എന്റെ സിനിമാ പ്രേമം അറിയാമായിരുന്ന ഹർഷദ് പൂർണ പിന്തുണയാണ് നൽകിയത്. അവൻ പറഞ്ഞാണ് ഓഡിഷനിലൊക്കെ പോയി തുടങ്ങിയത്. ഡിമൽ വഴി 2012 ൽ പുറത്തിറങ്ങിയ 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വിഡിയോയുടെ ഭാഗമാകാൻ സാധിച്ചു.

കിരൺ പീതാംബരൻ

ഓഡിഷൻ കാലം

നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടത് മഹേഷിന്റെ പ്രതികാരമാണ്. ഓട്ടോക്കാരന്റെ സീക്വൻസായിരുന്നു ചെയ്യാൻ പറഞ്ഞത്. അത് കിട്ടിയില്ല. ലോഡ് ലിവിംഗ്‌സ്‌റ്റോൺ 7000 കണ്ടി, കുമ്പളങ്ങി നൈറ്റ്‌സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ ഓഡിഷന് പോയിട്ടുണ്ട്. ചില സിനിമകളുടെ ഓഡിഷൻ കഴിയുമ്പോൾ പ്രതീക്ഷയുണ്ടാകും. കിട്ടുമെന്ന് തന്നെ കരുതും. വിളിക്കില്ല എന്നറിയുമ്പോൾ നിരാശയുണ്ടാകും. ആദ്യമൊക്കെ അത്തരത്തിൽ വിഷമിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ തോന്നുന്നത് എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ്.

Read Also: ‘രണ്ട് വർഷം മുമ്പ് മഹേഷ് അയച്ചുതന്ന വീഡിയോ ആണ് ഇന്ന് സി യു സൂൺ ആയത്’: ഫഹദ് ഫാസിൽ

ഗപ്പിയിലെ ‘പടമായ’ കഥാപാത്രം

ഡിമൽ ഡെന്നീസ് വഴിയാണ് ഗപ്പിയിലെത്തുന്നത്. അതിൽ ചേതൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരിച്ചുപോയ പിതാവായിട്ടായിരുന്നു അഭിനയിച്ചത്. ഡിമൽ പറഞ്ഞത് അനുസരിച്ച് ഫോട്ടോ അയച്ചു നൽകിയിരുന്നു. ആ ഫോട്ടോയാണ് സിനിമയിൽ മാലയിട്ട് വച്ചത്. ഷൂട്ടിംഗിന് പോയപ്പോൾ ഒരു രസകരമായ അനുഭവമുണ്ടായി. മാലയിട്ട എന്റെ ഫോട്ടോ അണിയറപ്രവർത്തകർക്കൊക്കെ സുപരിചിതമായിരുന്നു. ഷൂട്ടിംഗിന് വേണ്ടി ഞാൻ ആദ്യമായി അവിടെ എത്തുമ്പോൾ മാലയിട്ട ഫോട്ടോയിലെ ആൾ ദേ മുന്നിൽ എന്ന നിലയിൽ അത്ഭുതത്തോടെയാണ് അവർ എന്നെ നോക്കിയത്. അങ്ങനെ ഗപ്പിയിൽ ‘മരിച്ച് പടമായ’ കഥാപാത്രം ചെയ്തു.

ഗപ്പിയിൽ ചേതന്റെ പിതാവായി

വലിയ പെരുന്നാൾ, മനോഹരം

ഡിമലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു വലിയ പെരുന്നാൾ. അതിൽ ഒരു കഥാപാത്രം ചെയ്യാൽ ഡിമൽ എനിക്ക് അവസരം നൽകി. പൊലീസുകാരന്റെ വേഷമാണ് ചെയ്തത്. അതിന് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ‘മനോഹര’ത്തിൽ ഒരു വേഷം ചെയ്തു. വിനീത് ശ്രീനിവാസന്റെ സുഹൃത്തായിട്ടാണ് ചിത്രത്തിലെത്തിയത്.

‘മനോഹരം’ ടീമിനൊപ്പം

മാലിക്കും നായാട്ടും

ഈ സിനിമയുടെ സെറ്റിൽ വച്ച് പരിചയപ്പെട്ട നടൻ ജയിംസ് ഏലിയാസ് പറഞ്ഞതനുസരിച്ചാണ് നായാട്ടിന്റേയും മാലിക്കിന്റേയും ഓഡിഷന് പോയത്. മാലിക്കിന്റെ ഓഡിഷനാണ് ആദ്യം പോയത്. അവിടെവച്ച് സിനിമയിലെ തന്നെ ഒരു സീക്വൻസ് ചെയ്ത് കാണിക്കാൻ പറഞ്ഞു. ഓഡിഷൻ കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് മഹേഷ് നാരായണൻ സാർ അവിടേയ്ക്ക് വരികയും എന്നെക്കൊണ്ട് സിനിമയിലെ തന്നെ മറ്റൊരു സീൻ ചെയ്യിക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് സിനിമയുടെ സഹ സംവിധായിക എന്നെ വിളിച്ച് സിനിമയിലേക്ക് തെരഞ്ഞെടുത്ത വിവരം അറിയിച്ചു.

മാലിക്ക്, നായാട്ട് പോസ്റ്ററുകൾ

അതിന് ശേഷം നായാട്ടിന്റെ ഓഡിഷനിൽ പങ്കെടുത്തു. എറണാകുളത്ത് വച്ചായിരുന്നു ആദ്യ ഘട്ട ഓഡിഷൻ. അതിന് ശേഷം മാർട്ടിൻ പ്രക്കാട് സാർ വിളിക്കുകയും വീണ്ടും പോകുകയും ചെയ്തു. സിനിമയിലെ ചില ഭാഗങ്ങൾ ചെയ്ത് കാണിക്കാൻ പറഞ്ഞു. എന്റെ അഭിനയത്തിൽ സാർ ഓകെയായിരുന്നു. അങ്ങനെയാണ് നായാട്ടിൽ അഭിനയിച്ചത്.

‘പറയുന്നതുപോലെ ചെയ്യണമെന്ന് മഹേഷ് സാർ കർശനമായി പറഞ്ഞു, അപ്പോൾ എനിക്ക് പേടിയായി’

കുളച്ചൽ വച്ചായിരുന്നു മാലിക്കിലെ എന്റെ ആദ്യ സീൻ ഷൂട്ട് ചെയ്തത്. വിനയ് ഫോർട്ടും ദിലീഷേട്ടനൊക്കെയുണ്ടായിരുന്നു. ആദ്യം ഞാൻ ചെയ്തപ്പോൾ ശരിയായില്ല. പറയുന്നതുപോലെ തന്നെ ചെയ്യണമെന്ന് മഹേഷ് സാർ കർശനമായി പറഞ്ഞു. അപ്പോൾ എനിക്ക് പേടിയായി. കുളത്തൂർ-കന്യാകുമാരി വഴി എറണാകുളത്തേയ്ക്ക് വണ്ടിപിടിക്കേണ്ടിവരുമോ എന്ന് കരുതി. വലിയ പെരുന്നാൾ എന്നൊക്കെ പറയുമ്പോൾ സുഹൃത്താണ് ചെയ്യുന്നത്. ഒരു ഫ്രീഡം ഉണ്ടായിരുന്നു. മാലിക്കിൽ നമുക്ക് പരിചയമില്ലാത്ത ക്രൂ ആണ്. രണ്ടാമത്തെ ദിവസമായപ്പോൾ ശരിയായി. മഹേഷ് സാർ പറയുന്നുപോലെ തന്നെ ചെയ്യാൻ ശ്രമിച്ചു. സിനിമയോട് വളരെയധികം ഡെഡിക്കേറ്റഡായി നിൽക്കുന്ന ആളാണ് മഹേഷ് സാർ. ഒരേ സമയം സംവിധാനം, എഡിറ്റിംഗ് ആങ്ങനെ പല മേഖലകൾ. മാലിക്കിൽ ക്യാമറയും കൈകാര്യം ചെയ്തിട്ടുണ്ട്. ശരിക്കും അത്ഭുതമാണ് മഹേഷ് സാർ.

മഹേഷ് നാരായണൻ

കഥാപാത്രം നന്നാകാൻ ഏതറ്റം വരെയും പോകും, അതാണ് ഫഹദ് ഫാസിൽ

കൂടെ അഭിനയിക്കുന്ന ആളിനെ കംഫർട്ട് ആക്കുന്ന ആളാണ് ഫഹദ് ഫാസിൽ. ഓരോ കാര്യങ്ങളും പറഞ്ഞു തരും. മാലിക്കിൽ ഫഹദിനെ അടിക്കുന്ന ഒരു സീനുണ്ട്. ഫഹദിന് വേദനിക്കുമെന്ന് കരുതി ആദ്യ ടേക്കിൽ പതുക്കെയാണ് അടിച്ചത്. പതുക്കെ അടിക്കുമ്പോൾ അഭിനയിക്കുന്ന പോലെ തോന്നുമല്ലോ? അതുകൊണ്ട് ശക്തിയിൽ തന്നെ അടിക്കാൻ പറഞ്ഞു. സിനിമയിൽ അങ്ങനെ ശരിക്കാണ് അടിച്ചിരിക്കുന്നത്. പഹദിന് നല്ലതുപോലെ വേദനിച്ചിരുന്നു. ഇപ്പോൾ കാണുമ്പോൾ ഒരു വല്ലായ്മ തോന്നും. കഥാപാത്രം നന്നാകാൻ ഏതറ്റം വരെയും പോകുന്ന ആളാണ് ഫഹദ് ഫാസിൽ.

ഫഹദ് ഫാസിൽ

വിനയ് ഫോർട്ട് നൽകിയ പ്രോത്സാഹനം

വിനയ് ഫോർട്ടിനൊപ്പമായിരുന്നു എന്റെ ആദ്യ സീൻ എന്ന് പറഞ്ഞല്ലോ. വിനയ് ഫോർട്ടിനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. സെറ്റിൽ ചെല്ലുമ്പോൾ വിനയ്‌ഫോർട്ടിന്റെ പുഞ്ചിരിക്കുന്ന മുഖമായിരിക്കും കാണുക. അത് നമ്മളെ നല്ല രീതിയിൽ കംഫർട്ട് ആക്കും. മികച്ച രീതിയിലുള്ള പ്രോത്സാഹനമാണ് വിനയ് ഫോർട്ട് നൽകിയത്. എപ്പോൾ വേണമെങ്കിലും വിളിച്ച് സംസാരിക്കാവുന്ന സ്വാതന്ത്ര്യമുണ്ടായിരുന്നു.

മാലിക്ക് ഷൂട്ടിംഗ് ലൊക്കേഷൻ സ്റ്റിൽ

ഒരുപാട് പേർ മാലിക്ക് തീയറ്ററിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട്

മാലിക്ക് തീയറ്റർ റിലീസാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ അത് നടന്നില്ല. എല്ലാവർക്കും അതിൽ വിഷമമുണ്ട്. ഇടയ്ക്ക് അണിയറ പ്രവർത്തകരെ വിളിക്കുമ്പോൾ മാലിക്ക് തീയറ്ററിൽ വരാൻ എന്തെങ്കിലും ഒരു ചാൻസ് ഉണ്ടോ എന്ന് ചോദിക്കാറുണ്ട്. മാലിക്ക് പോലുള്ള ചിത്രങ്ങൾ തീയറ്ററിൽ വരണമെന്നാണ് പറയാനുള്ളത്. സിനിമാ പ്രവർത്തകരൊക്കെ മുൻകൈ എടുത്താൽ ഒരാഴ്ചയെങ്കിലും ചിത്രം തീയറ്ററിൽ സ്ട്രീം ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. ഒരുപാട് പേർ മാലിക്ക് തീയറ്ററിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട്.

മാലിക്കിൽ ദിലീഷ് പോത്തനൊപ്പം

ഒരുപാട് പേർ വിളിച്ചു, അഭിനന്ദിച്ചു

സുഹൃത്തുക്കളൊക്കെ വിളിച്ച് അഭിനന്ദിച്ചു. കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകൻ മധു. സി. നാരായണൻ സാർ വിളിച്ച് അഭിനയം നന്നായിരുന്നു എന്നു പറഞ്ഞു. അഭിനന്ദിച്ച മറ്റൊരാൾ മാല പാർവതിയാണ്. എന്റെ നമ്പർ കണ്ടെത്തി വിളിക്കുകയായിരുന്നു. വളരെ സന്തോഷം തോന്നി.

സങ്കടം തോന്നും, പക്ഷേ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കണം

ഒരുപാട് പേരുടെ അടുത്ത് ചാൻസ് ചോദിച്ചിട്ടുണ്ട്. കിട്ടാതെ വരുമ്പോൾ വിഷമമൊക്കെ തോന്നും. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് അങ്ങനെ സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്നാണ്. നടന്മാരേയും നടിമാരേയും തെരഞ്ഞെടുക്കുക എന്നത് സംവിധായകന്റെ ചോയിസാണ്. നമുക്ക് പറ്റുന്ന കഥാപാത്രമാണെങ്കിൽ അത് നമ്മളെ തേടിയെത്തും. ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കണം.

വിനീതിനും ബേസിൽ ജോസഫിനുമൊപ്പം

ഇത് മധുരപ്രതികാരം

അച്ഛനും അമ്മയും അധ്യാപകനാണ്. പഠിക്കുന്ന കാലത്ത് സിനിമയ്ക്ക് പിന്നാലെ പോയിരുന്നതൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല. വീട്ടിൽ സിനിമാ കഥകളൊക്കെ പറയുമ്പോൾ പരീക്ഷയുടെ മാർക്കായിരുന്നു അച്ഛൻ ചോദിച്ചത്. പരീക്ഷാ പേപ്പറ് കിട്ടിയോ എന്നൊക്കെ ചോദിക്കും. ഇപ്പോ പക്ഷേ അത് മാറി. നായാട്ട് കഴിഞ്ഞു നിൽക്കുന്ന സമയത്ത് അച്ഛൻ ചോദിച്ചത് ഇനി ഏതാ സിനിമാ എന്നാ. സിനിമയോട് താത്പര്യമില്ലാതിരുന്ന, സ്ട്രിക്ടായിരുന്ന ആൾ അങ്ങനെ ചോദിക്കുമ്പോൾ അത് രസമുള്ള കാര്യമാണ്. ശരിക്കും പറഞ്ഞാൽ ഒരു മധുരപ്രതികാരം. ഞാൻ സിനിമയിൽ എത്തിയപ്പോൾ മനസുകൊണ്ട് ഏറ്റവും അധികം സന്തോഷിക്കുന്നത് കുടുംബമാണ്.

കിരൺ മാതാപിതാക്കൾക്കൊപ്പം

2021 കിരണിന്റേയും വർഷം

മാലിക്കിനും നായാട്ടിനും ശേഷം ചെയ്തത് ഹേമന്ത് ജി നായർ ഒരുക്കുന്ന ഹിഗ്വിറ്റ എന്ന സിനിമയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. തലശേരിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. 2020ലായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നു. കൊവിഡ് വന്നതോടെ ഷൂട്ടിംഗ് മുടങ്ങി. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം സല്ല്യൂട്ട്, ആഷിഖ് അബുവിന്റെ നാരദൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാരദനിലേക്ക് എന്നെ റെക്കമൻഡ് ചെയ്തത് സൈജു ശ്രീധരനാണ്. മലയൻകുഞ്ഞിന്റെ ഷൂട്ടിംഗും മുടങ്ങിയിരിക്കുകയാണ്. കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് ഉടൻ തുടങ്ങാൻ ആകുമെന്നാണ് കരുതുന്നത്.

കിരൺ പീതാംബരൻ മക്കൾക്കൊപ്പം

കൊല്ലം കൊട്ടരാക്കര സ്വദേശിയായ കിരൺ പീതാംബരൻ സാംസങ് ഏരിയ ബിസിനസ് മാനേജറാണ്.

Read Also: ‘സിനിമയ്ക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല’; ബീമാപള്ളി വെടിവയ്പ് വീണ്ടും ചർച്ചയാകുമ്പോൾ മാലിക്കിലെ ‘ഫ്രെഡി’ക്ക് പറയാനുള്ളത്

Story Highlights: kiran peethambaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top