കുണ്ടറയിലെ പീഡനപരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുണ്ടറയിലെ പീഡനപരാതിയില്‍ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ( kundara rape case ) കുണ്ടറ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മൊഴിയെടുക്കുക. മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം വിവാദമായതോടെയാണ് ഇന്നലെ രാത്രിയോടെ രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസ്. പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് കേസില്‍ പൊലീസ് ഇടപെടലുണ്ടായത്. പൊലീസിന് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എ അടക്കം ആക്ഷേപമുന്നയിച്ചതിന് ശേഷമാണ് നടപടി എടുത്തത്. പൊലീസ് വീഴ്ചയില്‍ വിശദീകരണം ആവശ്യപ്പെട്ടും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപി അനില്‍കാന്ത് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി ആരോപിച്ചു.
മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊല്ലത്തെ എന്‍സിപി പ്രാദേശിക നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. എന്‍സിപി നേതാവ് പത്മാകരന്‍ യുവതിയുടെ കൈക്ക് കയറി പിടിച്ചെന്നാണ് പരാതി.
അതേസമയം, പാര്‍ട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് വിഷയത്തില്‍ എ കെ ശശീന്ദ്രന്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
Story Highlights: kundara rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here