Advertisement

സ്ത്രീധനം വാങ്ങില്ലെന്ന് വിശ്വാസികൾ തീരുമാനിക്കണം; പെരുന്നാൾ ദിനത്തിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം

July 21, 2021
2 minutes Read
palayam imam bakrid message
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീധനത്തിനെതിരെ പെരുന്നാൾ ദിനത്തിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം. സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് വിശ്വാസികൾ തീരുമാനിക്കണമെന്നു സുഹൈബ് മൗലവി പറഞ്ഞു. Palayam imam bakrid message.

സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും മാതാപിതാക്കൾ, യുവതി യുവാക്കൾ, മതമേധാവികൾ സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തിലും പാളയം ഇമാം വി.പി സുഹൈബ് മൗലവി പ്രതികരിച്ചു. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുന്നുവെന്നും ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്നത് അന്യായമാണെന്നും സുഹൈബ് മൗലവി ചൂണ്ടിക്കാട്ടി.

‘ഇത് ചോദ്യം ചെയ്യപ്പെടണം. അഭിനവ നമ്പൂതിരിമാർ സ്വേചാദിപത്യവും കരിനിയമവും നടപ്പിലാക്കുന്നു. ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ജാതി മതത്തിന് അപ്പുറമായ സൗഹൃദം നാട്ടിൽ നിലനിൽക്കണം’- സുഹൈബ് മൗലവി വ്യക്തമാക്കി.

അതേസമയം, ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ ഭിന്നത സൃഷ്ടിക്കരുതെന്ന് പാളയം ഇമാം പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് മുസ്ലീം സമുദായത്തിന് വേണ്ടിയാണ്. എന്നാൽ മുസ്ലീം സമുദായത്തിന്റെ ന്യായമായ അവകാശം ലംഘിക്കരുതെന്നും സ്‌കോളർഷിപ്പിന്റെ പേരിലുള്ള ചർച്ചകൾ നാടിന്റെ സൗഹാർദം തകർക്കാൻ ഇടയാക്കരുതെന്നും ഇമാം പറഞ്ഞു.

കലാകാരൻമാർ സാഹചര്യം മനസിലാക്കി ഇടപെടേണ്ടതുണ്ടെന്നും മത സൗഹാർദത്തിൽ ഊന്നിയുളള ആവിഷ്‌കാര സൃഷ്ടികൾ ഇനിയും ഉണ്ടാകണമെന്നും പറഞ്ഞു. പെരുന്നാൾ ആഘോഷം കൊവിഡ് മാർഗനിർദ്ദേശം പാലിച്ചാകണമെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി ഓർമപ്പെടുത്തി.

Read Also: ഇന്ന് ത്യാഗത്തിന്റേയും സഹനത്തിന്റേയും ബലിപെരുന്നാൾ

കൊവിഡ് കാലമായതിനാൽ തന്നെ ഇത്തവണ പെരുന്നാളിനോടനുബന്ധിച്ച് പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും.

മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. കൂടുതൽ ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.
ബക്രീദ് ഇളവു നൽകിയതിനെതിരെ സുപ്രിംകോടതി സർക്കാരിനെരൂക്ഷമായിവിമർശിച്ചതിന് പിന്നാലെയാണ് തീരുമാനം.ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിർദേശം നൽകി. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Story Highlights: palayam imam bakrid message

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement