പരുക്കേറ്റ് പുറത്തായത് മൂന്ന് താരങ്ങൾ; ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കും

ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ട മൂന്ന് താരങ്ങൾ പരുക്കേറ്റ് മടങ്ങിയതോടെയാണ് പകരം താരത്തെ അയക്കാൻ ബിസിസിഐ ആലോചിക്കുന്നത്. ( Bhuvneshwar Kumar’s Test discussion )
ആദ്യം ശുഭ്മൻ ഗിൽ പരുക്കേറ്റ് പുറത്തായപ്പോൾ തന്നെ ഇന്ത്യൻ ടീം മാനേജ്മെൻ്റ് പകരം താരത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ബിസിസിഐ നിരസിച്ചു. എന്നാൽ, പരിശീലന മത്സരത്തിൽ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പേസർ അവേഷ് ഖാനും പരുക്കേറ്റ് പുറത്തായതോടെ പകരം താരത്തെ അയക്കണമെന്ന ആവശ്യം വീണ്ടും ബിസിസിഐ പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്.
24 അംഗ സ്ക്വാഡിൽ നിന്ന് 3 താരങ്ങളാണ് പരുക്ക് പറ്റി പുറത്തുപോയത്. ഇതോടെ ആകെ സ്ക്വാഡ് 21 ആയി ചുരുങ്ങി.
അതേസമയം, ഐസൊലേഷനിലായിരുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ബാക്കപ്പ് ഓപ്പണർ അഭിമന്യു ഈശ്വരനും ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഉടൻ ഇന്ത്യൻ ക്യാമ്പിൽ മടങ്ങിയെത്തും. ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൂവരും ഐസൊലേഷനിൽ പ്രവേശിച്ചത്. ഗരാനിക്കൊപ്പം കൊവിഡ് പോസിറ്റീവായ ഋഷഭ് പന്ത് വൈറസ് മുക്തനായി ഇന്നലെ ടീമിനൊപ്പം ചേർന്നിരുന്നു.
ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.
Story Highlights: Bhuvneshwar Kumar’s Test future under discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here