24
Sep 2021
Friday

മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങി : മുഖ്യമന്ത്രി

covid third wave warning

രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താൽ മറ്റ് രോഗങ്ങളേക്കാൾ രോഗവ്യാപനം കൂടുതലുള്ള മഹാമാരിയാണ് കൊവിഡെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്‌സിൻ നൽകേണ്ടതുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല ചെയ്യുന്നത്. കൊവിഡ് നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നത്. വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡെൽറ്റാ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതുകൊണ്ട് ചെറുതും വലുതുമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗം കുട്ടികളിൽ

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കൊവിഡാനന്തര സാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് അവരുടെ ചികിത്സയ്ക്കാവശ്യമായ തീവ്ര പരിചരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സി-യിൽ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തിൽ ബാക്കിവരുന്ന 50 ശതമാനം പേരും, സിയിൽ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇവർക്ക് അതിനുള്ള ചുമതല നൽകാൻ ജില്ലാ കളക്ടർമാർ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാറ്റഗറി ഡി-യിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനവും നടപ്പിലാക്കും.

Read Also: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

അതേസമയം, സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 132 മരണം റിപ്പോർട്ട് ചെയ്തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടിപിആർ.

മലപ്പുറം 2871, തൃശൂർ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂർ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസർഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2786, തൃശൂർ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂർ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസർഗോഡ് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കാസർഗോഡ് 16, കണ്ണൂർ 14, തൃശൂർ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 684, കൊല്ലം 734, പത്തനംതിട്ട 265, ആലപ്പുഴ 1124, കോട്ടയം 659, ഇടുക്കി 304, എറണാകുളം 1093, തൃശൂർ 1826, പാലക്കാട് 1003, മലപ്പുറം 1033, കോഴിക്കോട് 780, വയനാട് 135, കണ്ണൂർ 783, കാസർഗോഡ് 644 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,35,198 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,83,962 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,92,805 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,691 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. 5ന് താഴെയുള്ള 73, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Story Highlights: covid third wave warning

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top