Advertisement

ജനുവരി 1 മുതൽ ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾക്ക് നിരോധനം

July 24, 2021
Google News 2 minutes Read
India Ban Plastic Sticks

മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ. 2022 ജനുവരി 1ന് അകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പാർല്‌മെന്റിനെ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ 2022 ജനുവരി 1 ന് അകം നിരോധിക്കാൻ നിർദേശിച്ചിരിക്കുകയാണ് മന്ത്രാലയം.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള തെർമോകോൾ എന്നിവ ജനുവരി 1ന് അകം നിരോധിക്കാനാണ് തീരുമാനം.

Read Also: ഭൂമിയുടെ ആരോഗ്യത്തിനായി നടത്തം ശീലമാക്കി ഒരു കോഴിക്കോട്ടുകാരന്‍

അതേസമയം, ഈ വർഷം സെപ്റ്റംബർ 30 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കും. 120 മൈക്രോണിൽ താഴെയുള്ള കാരി ബാഗുകൾ 60 ജിഎസ്എം, 240 മൈക്രോണിൽ താഴെയുള്ള ബാഗുകൾ എന്നിവ നിരോധിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേതഗതിയുമായി കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയമെത്തുന്നത് ഈ വർഷം മാർച്ചിലാണ്. നിലവിലുള്ള 2016ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ( വേസ്റ്റ് മാനേജ്‌മെന്റ്) നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരട് രേഖ മാർച്ച് 11 ന് മന്ത്രാലയം പ്രസിദ്ധീകരിച്ചു. 022 ജനുവരി 1 മുതൽ ആദ്യഘട്ട നിരോധനം നിലവിൽ വരും. ഇയർ ബഡ്ഡുകളുടെ പ്ലാസ്റ്റിക് പിടി, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ, തെർമോ കോൾ ഉപയോഗിച്ചുള്ള അലങ്കാരം ഉൾപ്പെടെ നിരോധിക്കും. രണ്ടാം ഘട്ടമായി 2022 ജൂലൈ 1 മുതൽ പ്ലാസ്റ്റിക് പാത്രം, കരണ്ടി, കോരികൾ, കപ്പുകൾ, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, പാനീയങ്ങൾ ഇളക്കാനുള്ള കോലുകൾ, തെർമോകോൾ, പ്ലാസ്റ്റിക്ക് പിവിസി ബാനറുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും നിരോധിക്കും.

രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60 % മാത്രമാണ് ഇപ്പോൾ പുനരുപയോഗിക്കുന്നത്. ബാക്കി വരുന്നവ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശം ഗുണകരമാണ്. എന്നാൽ പ്ലാസ്റ്റിക് ഉൽപ്പാദകരുടെയും അനുബന്ധ വ്യവസായ മേഖലകളിലുള്ളവരുടേയും അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും കരടിന് അന്തിമ രൂപം നൽകുകയെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യം

India Ban Plastic Sticks

2018-19 കാലയളവിൽ മാത്രം രാജ്യത്ത് 3.3 മില്യൺ മെട്രിക് പ്ലാസ്റ്റിക് മാലിന്യമുണ്ടായി എന്നാണ് സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് പുറത്ത് വിട്ട റിപ്പോർട്ട്. കൃത്യമായി പറഞ്ഞാൽ 9,200 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ഇന്ത്യയിൽ ഉണ്ടാകുന്നത്. രാജ്യത്തെ 55-65 മില്യൺ ടൺ വരുന്ന ഖരമാലിന്യങ്ങളിൽ അഞ്ച് മുതൽ ആറ് ശതമാനവും പ്ലാസ്റ്റിക്കാണ്. ഗോവയിലാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം.

Story Highlights: India Ban Plastic Sticks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here