തട്ടിപ്പിനെപ്പറ്റി അറിഞ്ഞത് നാല് മാസം മുന്‍പ്; കരുവന്നൂര്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റ്

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെപ്പറ്റി അറിഞ്ഞത് നാല് മാസം മുന്‍പെന്ന് ഭരണ സമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് ആരോപണം ഉയര്‍ന്നെന്ന വാദം ശരിയല്ലെന്ന് പ്രസിഡന്റ് പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്ന് കെ കെ ദിവാകരന്‍ പറയുന്നു. ട്വന്റിഫോറിനോടാണ് പ്രതികരണം.
പൊലീസിന് പരാതി നല്‍കിയത് തങ്ങളാണ്. രണ്ട് വര്‍ഷം മുന്‍പ് പരാതി ഉയര്‍ന്നുവെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുള്ള വിവരപ്രകാരമാണ് തുടര്‍ന്ന് നടപടി എടുത്തത്. പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നത് വിഷയമല്ല. അന്വേഷണം നടക്കുന്നുണ്ട്. ഭരണം പിരിച്ചുവിട്ട് അഡ്മിനിട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ബിജു കരീം, ബിജോയ്, മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധമായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധികം തുക തിരിമറി നടത്തി. സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പെടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതികള്‍ തട്ടിയത് 50 കോടിയെന്ന് കണ്ടെത്തല്‍
സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. കമ്മീഷന്‍ ഏജന്‍റായ ബിജോയ് 28 വായ്പകളില്‍ നിന്നായി 26 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യമായത് മുതല്‍ പ്രതികള്‍ ഒളിവിലാണ്. നാലാം പ്രതിയായ കിരണ്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടി റിസോട്ട് പ്രൈവറ്റ് ലിമിറ്റഡിലും സിഎംഎം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലും ഇഡി ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി. 22 കോടി രൂപയ്ക്കാണ് തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ നിര്‍മാണം നടത്തിയിരിക്കുന്നത്. റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് 2014 ബിജോയ്‌യുടെയും ബിജു കരീമിന്റെയും പേരിലായിരുന്നൂ.
സിഎംഎം ട്രേഡേഴ്‌സിലൂടെ കോടികള്‍ വക മാറ്റിയതായും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ബിനാമി ഇടപാടിലൂടെ ലഭിച്ച പണമാണ് ഇത്തരത്തില്‍ ഈ സ്ഥാപനങ്ങളിലൂടെ വകമാറ്റി ഇരിക്കുന്നത്. മാത്രമല്ല വ്യാജ അക്കൗണ്ടുകളിലെ പണവും പ്രതികള്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചിരുന്നു. പ്രതികളുടെ ബന്ധത്തിലുള്ള ബിനാമി സ്ഥാപനങ്ങളിലും രഹസ്യ പരിശോധന നടത്തും. വരുംദിവസം കൂടുതല്‍ ഇടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Story Highlights: learned of bank fraud four months ago karuvannur Board President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here