തേക്കിന്‍കാട് മൈതാനം സൗന്ദര്യവത്കരിക്കാൻ കൊച്ചിന് ദേവസ്വം ബോര്‍ഡ്

സ്വകാര്യ വ്യക്തികളുടെയും സംരംഭകരുടെയും സഹകരണത്തോടെ തേക്കിന്‍കാടിനെ സൗന്ദര്യവത്കരിക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ്. നേരത്തേ സൗന്ദര്യവത്കരണത്തിന് ബോര്‍ഡ് പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും നൃത്തമണ്ഡപമടക്കമുള്ളവ ഉള്‍പ്പെടുന്നത് പൂരം നടത്തിപ്പിന് തടസ്സമാവുമെന്നും നിര്‍മാണ പ്രവൃത്തികള്‍ കഴിയില്ലെന്നുമുള്ള ആക്ഷേപത്തെ തുടര്‍ന്ന് വിവാദത്തിലായിരുന്നു.
ഈ പദ്ധതി ദേവസ്വം ഓംബുഡ്സ്മാന് ലഭിച്ച പരാതിയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി ബോര്‍ഡ് ആലോചിച്ചത്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ തേക്കിന്‍കാടിന്റെ ഉടമാവകാശമുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ്, കോര്പറേഷന്, പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതി എന്നിവരുടെ യോഗമാണ് ചേര്‍ന്നത്.
ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയെ കോര്‍പറേഷനും ദേവസ്വങ്ങളും സ്വാഗതം ചെയ്തു.വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലും പൂരത്തിന് തടസ്സമാകാത്ത വിധത്തിലുമാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ പറഞ്ഞു.
പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാതെ തന്നെ നെഹ്റു മണ്ഡപം, വിദ്യാര്‍ഥി കോര്‍ണര്‍, ലേബര്‍ കോര്‍ണര്‍ എന്നിവ നവീകരിക്കും. മൈതാനം ഏഴ് മേഖലകളായി തിരിച്ച് ഓരോ ഭാഗത്തിനും സ്പോണ്‍സര്‍മാരെ കണ്ടെത്തി പരിപാലനവുമടക്കമാണ് സൗന്ദര്യവത്കരണ പദ്ധതി. മൈതാനത്തിന് ചുറ്റും മരങ്ങളുടെ ഇടയിലൂടെ നടപ്പാതയും ചുറ്റുമതില്‍ ഉയരം കൂട്ടാതെ പുതുക്കിപ്പണിയും. മൈതാനത്ത് വിളക്കുകളും പുല്ലുകളും ചെടികളും വെച്ചുപിടിപ്പിക്കും. മരങ്ങളുടെ തറകള്‍ കെട്ടും നിലവിലുള്ള റോഡുകളും നവീകരിക്കാനും യോഗത്തില്‍ ധാരണയായി.
പി. ബാലചന്ദ്രന് എം.എല്‍.എ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന് പദ്ധതിക്ക് ആദ്യ സഹായം വാഗ്ദാനം ചെയ്തു. മേയര്‍ എം.കെ. വര്‍ഗീസ്, ബോര്‍ഡ് മെംബര്‍ എം.ജി. നാരായണന്, സ്പെഷല്‍ ദേവസ്വം കമീഷണര്‍ എന്‍. ജ്യോതി, സെക്രട്ടറി പി.ഡി. ശോഭന, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.കെ. മനോജ്, കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.കെ. ഷാജന്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവീന്ദ്രന്, തൃശൂര്‍ ഗ്രൂപ് അസി. കമീഷണര്‍ വി.എല്‍. സ്വപ്ന, അസി. കമീഷണര്‍ എം. കൃഷ്ണന്, ആര്‍ക്കിടെക്റ്റ് വിനോദ്കുമാര്‍, ദേവസ്വം ഓഫിസര്‍ എം. സുധീര്‍, വടക്കുന്നാഥ ക്ഷേത്ര സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്, സെക്രട്ടറി ടി.ആര്. ഹരിഹരന് ഉപദേശക സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ക്കിടെക്റ്റുമാരായ വിനോദ്കുമാര്‍, സി.എസ്. മേനോന്, ഡോ. അരവിന്ദാക്ഷ മേനോന് എന്നിവരുടെ നേതൃത്വത്തിലാണ് സൗന്ദര്യവത്കരണ പദ്ധതി തയാറാക്കിയത്. ആഗസ്റ്റ് ആദ്യവാരത്തില്‍ പദ്ധതിയുടെ അവലോകന യോഗം നടക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here