ആലപ്പുഴയിലെ സുചിത്രയുടെ മരണം; ഭർതൃ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ വള്ളികുന്നത്ത് പത്തൊൻപതുകാരി സുചിത്ര തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃ മാതാപിതാക്കൾ അറസ്റ്റിൽ. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമൻ, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവർ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അധിക സ്ത്രീധനം ചോദിച്ചുള്ള നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് സുചിത്ര ഭർതൃ വീട്ടൽവച്ച് ജീവനൊടുക്കിയത്. 51 പവൻ സ്വർണവും കാറും നൽകിയാണ് സൈനികനായ വിഷ്ണുവിന് സുചിത്രയെ വിവാഹം ചെയ്തു നൽകിയത്. എന്നാൽ വിഷ്ണുവിന്റെ സഹോദരിക്ക് നൽകാൻ 10 ലക്ഷം രൂപ കൂടി വേണമെന്ന് സുചിത്രയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. പണം കിട്ടാൻ വൈകുന്തോറും ഭർത്താവിന്റെ അമ്മ സുലോചനയും അച്ഛൻ ഉത്തമനും ചേർന്ന്, യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഭർതൃ വീട്ടിലെ ക്രൂരത സഹിക്കവയ്യാതെയാണ് ജൂൺ 22 ന് സുചിത്ര തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹം നടന്ന് വെറും മൂന്നു മാസം തികയുമ്പോൾ ആയിരുന്നു സംഭവം.
Read Also:സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനപീഡനം; പൊലീസിൽ മൊഴി നൽകി മാതാപിതാക്കൾ
സ്ത്രീധനത്തിന്റെ പേരിൽ ആദ്യം ഉറപ്പിച്ച വിവാഹത്തിൽ നിന്ന് വിഷ്ണുവും കുടുംബവും പിന്മാറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നൽകുന്നതായി സുചിത്രയുടെ അമ്മ പറഞ്ഞു.
Story Highlights: alappuzha suchithra death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here