Advertisement

‘ദി ഹണ്ട്രഡ്’ വിരസമായ കളി: സുനിൽ ഗവാസ്കർ

July 26, 2021
Google News 2 minutes Read
The Hundred insipid Sunil Gavaskar

ഇംഗ്ലണ്ട് ക്രികറ്റ് ബോർഡ് സംഘടിപ്പിക്കുന്ന നൂതന ക്രിക്കറ്റ് ഫോർമാറ്റായ ദി ഹണ്ട്രഡിനോട് മുഖം തിരിച്ച് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സുനിൽ ഗവാസ്കർ. ദി ഹണ്ട്രഡ് വിരസമായ കളിയാണെന്ന് ഗവാസ്കർ പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവാസ്കറുടെ അഭിപ്രായ പ്രകടനം. The Hundred insipid Sunil Gavaskar )

“ടിവിയിൽ കണ്ടപ്പോൾ വിരസതയാണ് തോന്നിയത്. ക്രിക്കറ്റ് സാധാരണ രീതിയിൽ തന്നെ. കവറേജും ശരാശരി. താരവിവരണങ്ങളിൽ പ്രശ്നങ്ങളുണ്ട്. അത് ഇവിടെയായിരുന്നെങ്കിൽ മുൻ ഇംഗ്ലീഷ് താരങ്ങളടക്കം പരിഹസിച്ചേനെ. സ്റ്റേഡിയത്തിൽ ഫ്രാഞ്ചൈസി ആരാധകരെ അധികമൊന്നും കണ്ടില്ല. ഗ്രൗണ്ടിൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാം. പക്ഷേ, ടിവിയിൽ അത്ര നന്നായി തോന്നിയില്ല.”- ഗവാസ്കർ പറഞ്ഞു.

Read Also: ‘ദി ഹണ്ട്രഡി’ൽ തകർപ്പൻ പ്രകടനം തുടർന്ന് ജമീമ റോഡ്രിഗസ്

അതേസമയം, ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യൻ യുവതാരം ജമീമ റോഡ്രിഗസ് തകർപ്പൻ പ്രകടനം തുടരുകയാണ്. നോർത്തേൺ സൂപ്പർചാർജേഴ്സ് താരമായ ജമീമ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേടി ടീമിൻ്റെ ടോപ്പ് സ്കോററായി. വെൽഷ് ഫയറിനെതിരായ ആദ്യ മത്സരത്തിൽ 43 പന്തിൽ 92 റൺസെടുത്ത് പുറത്താവാതെ നിന്ന താരം ട്രെൻ്റ് റോക്കറ്റ്സിനെതിരായ രണ്ടാം മത്സരത്തിൽ 60 റൺസ് നേടി പുറത്തായി. 41 പന്തുകൾ നേരിട്ട് 10 ബൗണ്ടറികൾ അടക്കമായിരുന്നു ജമീമയുടെ ഇന്നിംഗ്സ്.

കഴിഞ്ഞ മത്സരത്തിൽ 17 ബൗണ്ടറിയും ഒരു സിക്സറും സഹിതമായിരുന്നു ജമീമയുടെ ഇന്നിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത വെൽഷ് ഫയർ 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്തേൺ സൂപ്പർചാർജേഴ്സ് 4 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 85 പന്തിൽ ജയം കുറിച്ചു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങി. മാഞ്ചസ്റ്റർ ഒറിജിനൽസിനായി കളിച്ച താരം 49 റൺസ് നേടി പുറത്താവാതെ നിന്നു. മത്സരത്തിൽ എതിരാളികളായ ബിർമിംഗ്‌ഹാം ഫീനിക്സ് 20 റൺസിനു വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത് 100 പന്തുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്ത ബിർമിംഗ്‌ഹാമിനു മറുപടിയുമായി ഇറങ്ങിയ മാഞ്ചസ്റ്ററിന് 8 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ഇവരെക്കൂടാതെ ഷഫാലി വർമ്മ, സ്മൃതി മന്ദന, ദീപ്തി ശർമ്മ എന്നിവരാണ് ദി ഹണ്ട്രഡിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. മൂന്ന് താരങ്ങൾക്കും പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല.

Story Highlights: The Hundred insipid Sunil Gavaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here